ജനങ്ങൾ ഭരിക്കപ്പെടേണ്ടവരല്ല ,സേവിക്കപ്പെടേണ്ടവരാണ്: മുഖ്യമന്ത്രി

ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനൻമാർ എന്ന കാഴ്ചപ്പാട് പൂർണ്ണമായും ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ഭരിക്കപ്പെടേണ്ടവരും ഉദ്യോഗസ്ഥർ ഭരിക്കേണ്ടവരുമാണ് എന്ന ചിന്ത ഉണ്ടായിക്കൂടെന്നും ഭരിക്കപ്പെടേണ്ടവരല്ല മറിച്ച്, സേവിക്കപ്പെടേണ്ടവരാണു ജനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി മാസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച സിവിൽ സർവീസ് പരീക്ഷാ വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ ഭരണസംവിധാനമാണു നമ്മുടേത്. അതുകൊണ്ടുതന്നെ ജനാധിപത്യത്തോട് ഉയർന്ന ആദരവു പുലർത്തുംവിധം തന്നെയാവണം ഭരണനിർവ്വഹണം. ജനാധിപത്യം നിലനിന്നാൽ മാത്രമേ കാര്യക്ഷമവും ജനസൗഹൃദപരവുമായ സിവിൽ സർവീസും നിലനിൽക്കൂ. രാജ്യത്തിന്റെ ഭാവിപരിപാടികൾ എന്തായിരിക്കണം എന്നു ജനാധിപത്യ ഭരണസംവിധാനം നിർണ്ണയിക്കുന്നതിനനുസരിച്ച് നാടിനെ വാർത്തെടുക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കണമെന്നും സിവിൽ സർവീസ് ജേതാക്കളോട് മുഖ്യമന്ത്രി പറഞ്ഞു.
With input from KeralaNews.Gov