INDIA NEWSKERALA NEWSTOP NEWS

സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25 ന്

സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 25 ന് വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആകുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, തിരുവനന്തപുരം നഗരസഭ മേയർ എസ് ആര്യ രാജേന്ദ്രൻ, ആൻറണി രാജു എംഎൽഎ തുടങ്ങിയവർ വിശിഷ്ടാതിഥികളാവും. എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയ്, വി കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ പി കെ രാജു , പൊതുവിതരണ വകുപ്പ് സെക്രട്ടറിയും സപ്ലൈകോ ചെയർമാനുമായ എം ജി രാജമാണിക്യം, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ കെ ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ അശ്വതി ശ്രീനിവാസ്, നഗരസഭ കൗൺസിലർ സിമി ജ്യോതിഷ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പൗര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ഓണത്തിനായി സപ്ലൈകോ രണ്ടര ലക്ഷത്തോളം ക്വിൻറൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട്. ഓണക്കാലത്ത് സബ്സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റ് പ്രമുഖ റീറ്റെയ്ൽ ചെയിനുകളോട് കിട പിടിക്കുന്ന വിധത്തിൽ ബ്രാൻഡഡ് എഫ് എം സി ജി ഉത്പന്നങ്ങളുടെ ഒരു നിര തന്നെ ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. 250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്. സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ ഒരു പ്രധാന ഔട്ട്‌ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്.

കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്.ജൂലൈ മാസത്തിൽ 168 കോടി രൂപയുടെ വിറ്റു വരവാണ് സപ്ലൈകോയ്ക്ക് ഉണ്ടായത്. 60 കോടി രൂപയുടെ സബ്‌സിഡി ഉൽപ്പന്നങ്ങളാണ് കഴിഞ്ഞമാസം സപ്ലൈകോ വഴി പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്. 32ലക്ഷത്തോളം ഉപഭോക്താക്കൾ കഴിഞ്ഞ മാസം സപ്ലൈകോ വില്പനശാലകളെ ആശ്രയിച്ചിരുന്നു.

ഓണത്തിരക്ക് ആരംഭിച്ച ഈ മാസം ആഗസ്റ്റ് 22വരെയുള്ള വിറ്റുവരവ് 180കോടി രൂപയാണ്. ആഗസ്റ്റ് 11 മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും പ്രതിദിന വിറ്റു വരവ് പത്തു കോടിയ്ക്ക് മുകളിലാണ്. ആഗസ്റ്റ് 22 വരെ 30 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചിട്ടുണ്ട്.

With input from Kerala New.Gov

For more details: The Indian Messenger

Related Articles

Back to top button