ചരിത്ര മുന്നേറ്റം: ആകെ 251 ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികള്‍, 6 താലൂക്ക് ആശുപത്രികള്‍, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 162 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.
ആരോഗ്യ മേഖലയിലെ വികസന മുന്നേറ്റത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും മന്ത്രി വ്യക്തമാക്കി.കോഴിക്കോട് ജനറല്‍ ആശുപത്രി 90.66 ശതമാനം, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി 91.84 ശതമാനം, എറണാകുളം കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം 96.90 ശതമാനം, എറണാകുളം പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം 95.83 ശതമാനം, കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം 95.58 ശതമാനം, മലപ്പുറം പൂക്കോട്ടുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം 85.26 ശതമാനം, മലപ്പുറം മേലങ്ങാടി ജനകീയ ആരോഗ്യ കേന്ദ്രം 82.77 ശതമാനം, കോഴിക്കോട് കക്കാടംപൊയില്‍ ജനകീയ ആരോഗ്യ കേന്ദ്രം 81.99 ശതമാനം, കോഴിക്കോട് കൂമ്പാറ ജനകീയ ആരോഗ്യ കേന്ദ്രം 82.89 ശതമാനം, കോഴിക്കോട് പൊന്നാങ്കയം ജനകീയ ആരോഗ്യ കേന്ദ്രം 94.89 ശതമാനം, കണ്ണൂര്‍ മൊറാഴ ജനകീയ ആരോഗ്യ കേന്ദ്രം 92.65 ശതമാനം എന്നീ ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്.
കോഴിക്കോട് ജനറല്‍ ആശുപത്രിയ്ക്ക് എന്‍.ക്യു.എ.എസ്., ലക്ഷ്യ, മുസ്‌കാന്‍ അംഗീകാരങ്ങള്‍ ഒന്നിച്ച് ലഭിച്ചു. കോഴിക്കോട് ജനറല്‍ ആശുപത്രിയിലെ ഗര്‍ഭിണികള്‍ക്കുള്ള ഓപ്പറേഷന്‍ തീയേറ്റര്‍ 90.38 ശതമാനം സ്‌കോറും ലേബര്‍ റൂം 88.85 ശതമാനം സ്‌കോറും, മുസ്‌കാന്‍ 92.07 ശതമാനം സ്‌കോര്‍ നേടി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ലേബര്‍ റൂം 89 ശതമാനം സ്‌കോറോടെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ നേടി.
With input from KeralaNews.Gov