നഗരത്തിൽ വള്ളംകളിയുടെ താളം മുറുകി: ആർപ്പോ വിളിച്ച് വഞ്ചിപ്പാട്ട് മത്സരം

ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശത്തിന് മാറ്റുകൂട്ടി വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിച്ചു. മുല്ലക്കൽ ജോൺസ് ഗ്രൗണ്ടിൽ (കൈനകരി സുരേന്ദ്രൻ നഗർ) പി പി ചിത്തരഞ്ജൻ എംഎൽഎ മത്സരം ഉദ്ഘാടനം ചെയ്തു. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മത്സരം കാണാനും ആസ്വദിക്കാനും നിരവധി വഞ്ചിപ്പാട്ട് പ്രേമികളാണ് എത്തിയത്. വഞ്ചിപ്പാട്ടിൻ്റെ താളത്തിനൊപ്പം കയ്യടിച്ചും ആർപ്പോ വിളിച്ചും വഞ്ചിപ്പാട്ട് പ്രേമികൾ കൂടെ ചേർന്നപ്പോൾ കൈനകരി സുരേന്ദ്രൻ നഗർ അക്ഷരാർത്ഥത്തിൽ വള്ളംകളിയുടെ ആവേശത്തിലായി. കുട്ടനാട്, ആറന്മുള, വെച്ച് പാട്ട് എന്നീ ശൈലികളിലാണ് മത്സരങ്ങൾ നടന്നത്. ജില്ലക്ക് പുറത്ത് നിന്നുള്ള ടീമുകളും മത്സരത്തിൽ പങ്കെടുക്കാനെത്തി.
ഉദ്ഘാടന ചടങ്ങിൽ മുൻ എംഎൽഎ സി കെ സദാശിവൻ അധ്യക്ഷനായി. എഡിഎം ആശാ സി എബ്രഹാം പതാക ഉയർത്തി. വഞ്ചിപ്പാട്ട് വള്ളം പണിത തങ്കച്ചൻ ആചാരിയെ ചടങ്ങിൽ ആദരിച്ചു. നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എം ജി സതീദേവി, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എസ് വിനോദ്, നെഹ്റുട്രോഫി വള്ളംകളി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എസ് എം ഇക്ബാൽ, വഞ്ചിപ്പാട്ട് സബ് കമ്മിറ്റി അംഗങ്ങളായ ജോസ് കാവനാട്, ഡി സലിംകുമാർ, കെ എ പ്രമോദ്, കെ ടി ബേബി ചമ്പക്കുളം, എ വി മുരളി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട് നടന്ന സമാപന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം എംഎൽഎയും സിനിമ പിന്നണി ഗായകൻ സുദീപ് കുമാറും മുൻ എംഎൽഎ സി കെ സദാശിവനും ചേർന്ന് നിർവഹിച്ചു.
കുട്ടനാട് ശൈലി ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലുകോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ പായിപ്പാട് ഒന്നാം സ്ഥാനവും ഹരിപ്പാട് ഗവ. എച്ച് എസ് എസ് രണ്ടാം സ്ഥാനവും സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ചമ്പക്കുളം മൂന്നാം സ്ഥാനവും നേടി.
കുട്ടനാട് ശൈലി സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ സെൻ്റ് തെരേസാസ് കോളേജ് എറണാകുളം ഒന്നാം സ്ഥാനവും നടക്കാവ് ഗവ. വി എച്ച് എസ് എസ് രണ്ടാം സ്ഥാനവും സൗത്ത് ആര്യാട് ലുഥറൻ എച്ച് എസ് എസ് മൂന്നാം സ്ഥാനവും നേടി.
വെച്ചുപാട്ട് സ്ത്രീകളുടെ വിഭാഗത്തിൽ സമദർശിനി വഞ്ചിപ്പാട്ട് സംഘം കോഴിക്കോട് ഒന്നാം സ്ഥാനവും നീർക്കുന്നം സിസ്റ്റേഴ്സ് വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും കൈനകരി അനുഗ്രഹ വഞ്ചിപ്പാട്ട് സംഘം മൂന്നാം സ്ഥാനവും നേടി.
വെച്ചുപാട്ട് പുരുഷന്മാരുടെ വിഭാഗത്തിൽ തത്തംപിള്ളി പി എ സി ഗ്രന്ഥശാല ഒന്നാം സ്ഥാനവും നീർക്കുന്നം ചെമ്പകശ്ശേരി വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ഇലന്തൂർ രാവൺസ് മൂന്നാം സ്ഥാനവും നേടി.
കുട്ടനാട് ശൈലി സ്ത്രീകളുടെ വിഭാഗത്തിൽ സമദർശിനി വഞ്ചിപ്പാട്ട് സംഘം കോഴിക്കോട് ഒന്നാം സ്ഥാനവും കൈനകരി നവ ഭാവന കലാവേദി രണ്ടാം സ്ഥാനവും അമ്പലപ്പുഴ വിളിപ്പുറം വഞ്ചിപ്പാട്ട് സംഘം മൂന്നാം സ്ഥാനവും നേടി.
കുട്ടനാട് ശൈലി പുരുഷൻമാരുടെ വിഭാഗത്തിൽ നീർക്കുന്നം ചെമ്പകശ്ശേരി വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനവും നീർക്കുന്നം ശ്രീദുർഗ്ഗ വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ആലപ്പുഴ പയനിയർ വഞ്ചിപ്പാട്ട് സംഘം മൂന്നാം സ്ഥാനവും നേടി.
ആറന്മുള ശൈലി പുരുഷന്മാരുടെ വിഭാഗത്തിൽ ഇലന്തൂർ രാവൺസ് വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനവും സ്മരണാരവിന്ദം നന്തുണി വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ചെറുകോൽ കീക്കൊഴുർ സംഘം മൂന്നാം സ്ഥാനവും നേടി. കുട്ടനാട് ശൈലി ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ചമ്പക്കുളം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് പ്രോത്സാഹന സമ്മാനവും നൽകി.
കുട്ടനാട് ശൈലി സ്ത്രീ,പുരുഷ ടീമുകൾക്ക് 10001 രൂപ വീതം സമ്മാനം നൽകുന്നതിന് ഏർപ്പെടുത്തിയ കൈനകരി സുരേന്ദ്രൻ എൻഡോമെൻ്റ്
അദ്ദേഹത്തിൻ്റെ മക്കൾ ജേതാക്കൾക്ക് നൽകി. സമാപന സമ്മേളനത്തിൽ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ പ്രേം, ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുമായ പി എസ് വിനോദ്, എ. സന്തോഷ്കുമാർ, മാത്യൂ ചെറുപറമ്പന്‍, ജോണി മുക്കം, എം വി അല്‍ത്താഫ് തുടങ്ങിയവര്‍ സംസാരിച്ചു.
With input from PRD Kerala
For more details: The Indian Messenger



