INDIA NEWSKERALA NEWS

ലൈഫ് മിഷൻ; വേങ്ങാട് പഞ്ചായത്ത് 50 വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി നിർവഹിച്ചു

വേങ്ങാട് ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ 50 വീടുകളുടെ താക്കോല്‍ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സ്വന്തം വീട് സ്വപ്നം മാത്രമായി കൊണ്ടുനടന്ന സംസ്ഥാനത്തെ 4,57,055 കുടുംബങ്ങള്‍ക്ക് സ്വന്തമായൊരു വീട് നല്‍കുന്നതിന് ലൈഫ് മിഷൻ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.ലൈഫ് പദ്ധതിയുടെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തി വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടത്തുന്നത് അറിയിച്ചിരുന്നു. തുടക്കത്തില്‍ ഇത് അംഗീകരിക്കുകയും പിന്നീട് വീടുകള്‍ക്ക് മുന്നില്‍ ലോഗോ വക്കണമെന്നുള്‍പ്പെടെ നിബന്ധനകള്‍ വെക്കുകയും ചെയ്തു.

കേരളത്തില്‍ പൂര്‍ത്തിയായ 4.5 ലക്ഷം വീടുകളുടെ മുന്നില്‍ ലോഗോ വച്ച് കുടുംബങ്ങളുടെ അഭിമാന ബോധത്തെ വ്രണപ്പെടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ലോഗോ അംഗീകരിക്കാതെ പണം തരില്ലെന്ന നിര്‍ബന്ധത്തിന് വഴങ്ങാനോ പദ്ധതി മുടക്കുന്നതിനോ സര്‍ക്കാര്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് ലൈഫ് പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ വഹിക്കുന്നത്.

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം നവംബര്‍ ഒന്നിന് നടക്കാനിരിക്കെ ഈ നേട്ടം കൈവരിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിച്ചു. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ഹരിതകര്‍മ്മസേന വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ജനങ്ങളും നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. ലഹരിമുക്ത കേരളം എന്ന ലക്ഷ്യവും നാം ഒന്നാകെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കേണ്ട ദൗത്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അഞ്ച് കുടുംബങ്ങള്‍ക്കുള്ള താക്കോല്‍ മുഖ്യമന്ത്രി വേദിയില്‍ കൈമാറി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി അധ്യക്ഷയായി. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത മുഖ്യതിഥിയായി. വി ഇ ഒ സി.വിപിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേങ്ങട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗീത, ജില്ലാ പഞ്ചായത്ത് അംഗം കല്യാട്ട് ചന്ദ്രന്‍, വേങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം. പവിത്രന്‍, സി. റജി, പി. കെ. ഇന്ദിര, കെ. ശശിധരന്‍, മമ്പറം മാധവന്‍, പി.പി. കൃഷ്ണന്‍, എ. അനില്‍കുമാര്‍, പി.കെ. അനില്‍കുമാര്‍, ടി. അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, ടി. ഭാസ്‌കരന്‍, കൈപ്പച്ചേരി മുകുന്ദന്‍, പി.എം. ജയചന്ദ്രന്‍, പി.പി പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.

With input from KeralaNews.Gov

Related Articles

Back to top button