STORY & POEMS

നമ്മളെല്ലാം ഓരോ മരങ്ങളാണ് (കവിത) ഗിരീഷ്‌ കുമാർ ശ്രീലകം എഴുതിയത്.

Sponsored

നമ്മളെല്ലാം ഓരോ മരങ്ങളാണെന്നും
നമ്മുടെ വേരുകൾ വിശന്നലഞ്ഞത്
ഉണ്മയുടെ ഊഷര തടങ്ങളിലാണെന്നും
നമ്മുടെ ഞരമ്പുകൾ ദാഹിച്ചുപാടിയത്
നോവിന്റെ നീരാവിയേറ്റാണെന്നും
നമ്മുടെ ഇലകൾ വിയർത്തുവിണ്ടത്
ഉച്ചക്കിറുക്കിന്റെ മോഹലാവയിലാണെന്നും
നമ്മുടെ പൂക്കൾ പനിച്ചു പിറുപിറുത്തത്
ഈ മണ്ണിന്റെ സ്വപ്നങ്ങളാണെന്നും
നമ്മുടെ കനികൾ ഞെട്ടിനോടു കലഹിച്ചുപിരിഞ്ഞത്
പാതിരാവിന്റെ പെരുവഴിയിലേക്കാണെന്നും
അറിയാതെപോയത് നാം മാത്രമാണ്…

നമ്മുടെ ശിഖരങ്ങളിൽ
ഒരുപാടു കിളികൾ കൂടുകൂട്ടിയിട്ടുണ്ടെന്നും,
ഓരോ കിളിക്കൂട്ടിലും നമ്മുടെ ഉൾച്ചൂടുകൊതിക്കുന്ന
അനേകമണ്ഡങ്ങൾ അടവെച്ചിട്ടുണ്ടെന്നും,
ഓരോ അണ്ഡവും കാലത്തിനു കവിതയെഴുതാനുള്ള
കടലാസുകഷണമാണെന്നും,
ഓരോ കടലാസുകഷണത്തിലും
ഓരോ സൂര്യനുദിക്കുമെന്നും
ഓർമ്മകൾ കോരിച്ചൊരിയുമെന്നും
ആലിപ്പഴങ്ങളേറ്റ് നാം ആടിപ്പാടുമെന്നും
മഞ്ഞണിഞ്ഞു തമ്മിൽ കുളിരുപകരുമെന്നും
അറിയാതെപോയതും നാം മാത്രമാണ്…

തിരിച്ചറിയാതെപോയ ആ നമ്മളാണ്
കടലെടുത്ത കരകളായി
അടിക്കടലിലിരുന്ന്‌ ആർത്തുപാടുന്നത്…

Sponsored

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button