യൂത്ത് കൗതുകത്തോടെ — ‘പ്രകമ്പനം’ ഫസ്റ്റ് ലുക്ക് കാർത്തിക് സുബ്ബരാജ് പ്രകാശനം ചെയ്തു.


മലയാള സിനിമയിലെ പുതിയ തലമുറയിലെ മൂന്ന് യുവ താരങ്ങളായ സാഗർ സൂര്യ, ഗണപതി, അമീൻ എന്നിവരുടെ കൗതുകമുണർത്തുന്ന ഭാവങ്ങളുമായി ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
തമിഴ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ കാർത്തിക് സുബ്ബരാജ് ആണ് ഫസ്റ്റ് ലുക്ക് പ്രകാശനം നിർവഹിച്ചത്. ഒക്ടോബർ 31 വെള്ളിയാഴ്ച കൊച്ചിയിലെ അവന്യൂ സെന്റർ ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശന കർമ്മം. ചടങ്ങിൽ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു.
പ്രകാശന ചടങ്ങിൽ സംസാരിച്ച കാർത്തിക് സുബ്ബരാജ് പറഞ്ഞു:
“മലയാള സിനിമ എപ്പോഴും പുതുമയുള്ള കഥകൾക്ക് പ്രാധാന്യം നൽകുന്നു. മലയാള സിനിമയിൽ കാമ്പുള്ള കഥകൾക്കും സത്യസന്ധമായ അവതരണങ്ങൾക്കും നൽകിയ ബഹുമാനം മറ്റേതൊരു ഭാഷയും നൽകുന്നില്ല.”
വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നവരസ ഫിലിംസ്, ലക്ഷ്മി നാഥ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
നഗരത്തിലെ ഒരു ക്യാമ്പസിൽ പഠിക്കാനെത്തുന്ന മൂന്ന് യുവാക്കളുടെ ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നർമ്മവും യുവത്വത്തിന്റെ താളവുമൊത്താണ് കഥ മുന്നോട്ട് പോകുന്നത്.
ചിത്രത്തിൽ ജോണി ആന്റണി, അസീസ് നെടുമങ്ങാട്, മല്ലികാ സുകുമാരൻ, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ, സനീഷ് പള്ളി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ചിത്രത്തിന്റെ തിരക്കഥ ശ്രീഹരിയുടേതാണ്. സംഗീതം ബിബിൻ അശോകൻ, ഛായാഗ്രഹണം ആൽബി, എഡിറ്റിംഗ് സൂരജ് E. S., കലാസംവിധാനം സുഭാഷ് കരുൺ, മേക്കപ്പ് ജയൻ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ എന്നിവരാണ്.
കൊച്ചി, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
വാർത്ത: വാഴൂർ ജോസ്
For more details: The Indian Messenger



