തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദ സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
തെക്ക് കിഴക്കൻ അറബിക്കടലിലും, അതുമായി ചേർന്ന് കിടക്കുന്ന കേരള-കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലുമായാണ് ന്യൂനമർദ്ദം രൂപപ്പെടുക. തുടർന്ന്, അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
ന്യൂനമർദ്ദത്തിന്റെ സ്വാധീനം കാരണം കേരളത്തിൽ അടുത്ത ഏഴ് ദിവസത്തേക്ക് മഴ തുടരും. സംസ്ഥാനത്തെ ചിലയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ട്. ഒക്ടോബർ 17 മുതൽ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതോടൊപ്പം, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.
With input from Keralanews.gov
For more details: The Indian Messenger



