ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; മൃതദേഹം മരത്തിൽ കെട്ടിയിട്ട് കത്തിച്ചു; ശക്തമായ അപലപനവുമായി ഇടക്കാല സർക്കാർ.

ധാക്ക: ബംഗ്ലാദേശിലെ മൈമൻസിംഗിൽ പ്രവാചക നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തി. മൈമൻസിംഗിലെ ഒരു ഫാക്ടറിയിലെ തൊഴിലാളിയായ 25 വയസ്സുകാരൻ ദീപു ചന്ദ്ര ദാസാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
പ്രവാചകനെതിരെ മോശം പരാമർശം നടത്തി എന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ദീപുവിനെ പിടികൂടുകയും ഫാക്ടറിക്ക് പുറത്ത് വെച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തി. പിന്നീട് പ്രതിഷേധക്കാർ മൃതദേഹം ധാക്ക-മൈമൻസിംഗ് ഹൈവേയിൽ ഉപേക്ഷിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ, ഇത്തരം അക്രമങ്ങൾക്ക് ‘പുതിയ ബംഗ്ലാദേശിൽ’ സ്ഥാനമില്ലെന്ന് വ്യക്തമാക്കി. കുറ്റവാളികളെ വെറുതെ വിടില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. പോലീസ് മൃതദേഹം വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി മൈമൻസിംഗ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. (ET)
For more details: The Indian Messenger



