INDIA NEWSKERALA NEWS

കൊട്ടാരക്കരയിൽ പെട്ടിക്കട കത്തിനശിച്ചു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് പരാതി, കാരണം വിമത സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പ്രചാരണം

കൊല്ലം: രാത്രിയുടെ മറവിൽ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു. കൊട്ടാരക്കര പെരുങ്കുളം സ്വദേശി ദിനേശിന്‍റെ പെട്ടിക്കടയാണ് ഇന്നലെ അർധരാത്രിയോടെ അഗ്നിക്കിരയായത്. പിന്നിൽ സിപിഎം പ്രവർത്തകരാണെന്നാണ് കടയുടമയായ ദിനേശിന്റെ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം വിമതർക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിന്റെ വൈരാഗ്യമാണ് ജീവിത മാർഗ്ഗമായ കട കത്തിക്കാൻ കാരണമെന്നും, നേരത്തെ സിപിഎം പ്രവർത്തകർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദിനേശ് പറയുന്നു.

പ്രദേശത്ത് ഏറെ നാളായി തർക്കം രൂക്ഷമാണ്. സിപിഎം പ്രവർത്തകനായ ദിനേശ് അടക്കം നിരവധി പേർ പ്രാദേശിക നേതൃത്വവുമായി അകന്നു നിൽക്കുകയാണ്. സിപിഎം വിമതർ ചേർന്ന്, ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ കോട്ടത്തല പടിഞ്ഞാറ് വാർഡിൽ സൗമ്യ പി എസ്സിനെയും, മൂഴിക്കോട് വാർഡ് പതിനഞ്ചിൽ എസ് ശ്രീകുമാറിനെയും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിപ്പിച്ചു. ഇതിൽ ശ്രീകുമാർ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ഇതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചതെന്ന് ദിനേഷ് ആരോപിക്കുന്നു.

ലിജു, രജനീഷ്, അരുൺ ബേബി എന്നിവരാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും, ഇവർ ചേർന്നാണ് കട കത്തിച്ചതെന്നുമാണ് ദിനേശ് കൊട്ടാരക്കര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് വിവരങ്ങൾ ശേഖരിക്കുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. (എം.എൻ.)

For more details: The Indian Messenger

Related Articles

Back to top button