ശ്രേഷ്ഠ ദിവ്യാംഗ് ബാലൻ പുരസ്‌കാരം നേടി യാസീൻ; ഹൈസ്കൂൾ നാടകത്തിൽ മികച്ച നടൻ; സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച.

ആലപ്പുഴ: ജന്മനാ കൈകാലുകൾക്ക് പരിമിതികളുള്ള വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ കലാ-കായിക രംഗങ്ങളിലെ മികവിലൂടെ ദേശീയ ശ്രദ്ധ നേടുന്നു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ യാസീൻ, ദിവ്യാംഗരുടെ ശാക്തീകരണത്തിനായുള്ള ശ്രേഷ്ഠ ദിവ്യാംഗ് ബാലൻ പുരസ്‌കാരവും ഏറ്റുവാങ്ങി.
രാജ്യാന്തര ദിവ്യാംഗ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ആലപ്പുഴ സ്വദേശിയായ യാസീന് 2025-ലെ ഈ ദേശീയ പുരസ്‌കാരം സമ്മാനിച്ചത്.
തിയേറ്ററിലെയും സംഗീതത്തിലെയും മികവ്
അഭിനയത്തിലെ നേട്ടം: യാസീനാണ് ‘തല്ല്’ എന്ന നാടകത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. നാടകത്തിൽ മ്യാവൂസൻ എന്ന പൂച്ചയുടെ വേഷമാണ് യാസീൻ അവതരിപ്പിച്ചത്. നാടകത്തിന് എ ഗ്രേഡും ലഭിച്ചു. സമകാലിക പ്രാധാന്യമുള്ള ഈ നാടകത്തിന്റെ രചനയും സംവിധാനവും വിർവ്വഹിച്ചത് പ്രശസ്ത കുട്ടികളുടെ നാടക സംവിധായകൻ ബിജു മഞ്ചാടിയാണ്.
സംഗീതം: ആർ വി എസ് എം എച്ച്.എസ്.എസ്. പ്രയാറിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ യാസീൻ ഒരു കീബോർഡ് ആർട്ടിസ്റ്റ് കൂടിയാണ്.
കോവിഡ് കാലത്ത് 250 രൂപയ്ക്ക് പിതാവ് ഷാനവാസ് വാങ്ങി നൽകിയ കളിപ്പാട്ട പിയാനോയിലായിരുന്നു യാസീൻ സംഗീത പരിശീലനം തുടങ്ങിയത്. ഇരു കൈപ്പത്തികളുമില്ലാത്ത യാസീൻ, സ്വയം പരിശീലിച്ചെടുത്ത പ്രത്യേക ശൈലിയിലാണ് ഇപ്പോൾ കീബോർഡ് വായിക്കുന്നത്. നൂറിലധികം ഗാനങ്ങൾക്ക് യാസീൻ കീബോർഡ് വായിക്കും.
സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരവും യാസീൻ നേടിയിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ആരാധകൻ
ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് യാസീൻ നടൻ സുരേഷ് ഗോപിയുടെ കട്ട ആരാധകനാണ്. യാസീൻ എല്ലാ പിറന്നാളിനും ‘കമ്മീഷണർ’ സിനിമയുടെ പശ്ചാത്തല സംഗീതം കീബോർഡിൽ വായിച്ച് സുരേഷ് ഗോപിക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു.
ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സുരേഷ് ഗോപി യാസീനെ നേരിട്ട് കാണുകയും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. “ഈ കൊച്ചുമിടുക്കനെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം” എന്ന് സുരേഷ് ഗോപി അറിയിച്ചു.
കായംകുളം പ്രയാർ വടക്ക് എച്ച്.എസ്. മൻസിലിൽ താമസിക്കുന്ന ഷാനവാസ് – ഷൈല ദമ്പതികളുടെ മകനാണ് യാസീൻ.
For more details: The Indian Messenger



