ആക്രമിക്കപ്പെട്ട നടിക്ക് നീതി: 6 പ്രതികൾ കുറ്റക്കാർ; ഗൂഢാലോചന തെളിയിക്കാനാവാതെ ദിലീപിനെ കോടതി വെറുതെവിട്ടു.

കൊച്ചി: രാജ്യശ്രദ്ധ നേടിയ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. എന്നാൽ, ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ള ആറ് പ്രതികൾക്കെതിരെ ചുമത്തിയ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തി.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി, പ്രധാന ഗൂഢാലോചനക്കാരനെന്ന് പ്രോസിക്യൂഷൻ ആരോപിച്ച ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. കുറ്റവാളികളെ ഒളിവിൽ പോകാൻ സഹായിച്ച ചാർലിയേയും പത്താം പ്രതി ശരത്തിനെയും കോടതി വെറുതെ വിട്ടു.
ആറു വർഷം നീണ്ട വിചാരണക്കൊടുവിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധി പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തിവൈരാഗ്യം നിമിത്തമാണ് ദിലീപ് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയതെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ, താൻ കേസിൽ കുടുക്കപ്പെട്ടുവെന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ദിലീപിന്റെ വാദം.
വിചാരണക്കിടെ 28 സാക്ഷികൾ കൂറുമാറിയത് കേസിൽ ശ്രദ്ധേയമായിരുന്നു. 2017 ഫെബ്രുവരിയിൽ കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. 2017 ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്. ഈ കേസിന്റെ വിചാരണയിൽ 261 സാക്ഷികളെ വിസ്തരിക്കുകയും 1700 രേഖകൾ പരിഗണിക്കുകയും ചെയ്തു. പൊലീസുകാരനായ അനീഷ്, വിപിൻ ലാൽ, വിഷ്ണു എന്നിവരെ കേസിലെ മാപ്പുസാക്ഷികളാക്കിയിരുന്നു.
(Malayalam News Kerala)
For more details: The Indian Messenger



