ഗന്ധർവ്വ മാനസം (കവിത) വൃത്തം: കേക- സുധീരൻ പ്രയാർ എഴുതിയത്


പിന്നെയും കേൾക്കുന്നേതോ, കോകില ശാന്ത സ്വനം
പിൻ തിരിഞ്ഞെങ്ങോ പോയി, ഓർമ്മപോൽ ഗാന്ധർവ്വത്വം
ശിക്ഷവാങ്ങിയിട്ടേറെ, കാലമായ് മണ്ടുന്നേവം
പന്തിരുകൂട്ടത്തിലാം, ഭ്രാന്തനെപ്പോലിന്നു ഞാൻ
വീണകൾ മീട്ടി ഞങ്ങൾ, ഗായകർ ഗന്ധർവ്വന്‍മാർ
വീഥിയിലലർ തൂകി, ദേവരേ സ്വീകരിക്കാൻ
എങ്കിലുമെന്തേയന്ന് , പാകമായില്ലയീണം
തന്തികൾ പൊട്ടിയതാം, താണുപോയതാം സ്വരം
കിന്നര കാലത്തിന്‍റെ, ഓർമ്മതൻ ഹർഷാരവം
കേൾക്കയായ് കാതിലാകെ , കോകില സ്വനം പോലെ
പിന്നെയും കേൾക്കുന്നേതോ, കോകില ശാന്ത സ്വനം
പിന്തുടർന്നിടാം രവം, കേൾക്കുന്ന വീഥി നോക്കി
ഈ ധര ദുഃഖത്താലെ, വേരിട്ടോരരം പുല്ലിന്‍
മൂര്‍ച്ചയിൽ മേനിയാകെ, കീറവേ നീറീടിലും
പോയൊരാ കാലത്തിന്റെ, ഓർമ്മകൾ മന്ദം മോഹ
ചാമരം വീശിയെന്നേ, നാകത്തിലെത്തിച്ചാലും
പോകുവാൻ ആടിക്കാറ്റായ്, സാധ്യമല്ലെനിക്കിന്നെന്‍
മാനസം മഞ്ചു നാട്ടിൽ, പൂക്കളായേകിപ്പോയി
ഈ വന സൌന്ദര്യവും, ചേലെഴും മാരിക്കാറും
പുങ്കുയിൽ പാടും വർണ്ണ, കാനന വാസന്തവും
വിട്ടെറിഞ്ഞിട്ടിന്നയ്യോ, പോകുവാനൊന്നും വയ്യ
വിസ്തൃത സ്വർഗ്ഗത്തിലെ , രാജസപ്രൗഢന്‍മാരെ
ശാപമായ് മണ്ണിൽ വീണ, മാനുഷജന്മത്തില്‍ ഞാന്‍
മോഹിതനല്ലേ തീർത്തും ദേവരാജ്യമേ നന്ദി.
For more details: The Indian Messenger



