തച്ചുശാസ്ത്ര വിദഗ്ദ്ധൻ ആലുംപീടിക ചെല്ലപ്പൻ ആചാരി അന്തരിച്ചു.

ക്ലാപ്പന: തച്ചുശാസ്ത്രത്തിലും ശില്പകലയിലും തനതായ മുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തിത്വവും ആലുംപീടിക സ്വദേശിയുമായ “മാ” ആലയത്തിൽ ചെല്ലപ്പൻ ആചാരി (അപ്പൻ – 85) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ക്ലാപ്പനയുടെയും ആലുംപീടികയുടെയും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന അദ്ദേഹം പാരമ്പര്യ തച്ചുശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു.
അദ്ദേഹത്തിന്റെ കരവിരുതിൽ വിരിഞ്ഞ നിരവധി ശില്പങ്ങളും നിർമ്മിതികളും ഇന്നും ഈ പ്രദേശത്തിന്റെ അഭിമാനമാണ്. നാട്ടുകാർക്കും പ്രിയപ്പെട്ടവർക്കും “അപ്പൻ” എന്ന പേരിൽ സുപരിചിതനായിരുന്ന അദ്ദേഹം തച്ചുശാസ്ത്ര-ശില്പകലാ രംഗത്തെ തന്റെ മികവ് കൊണ്ട് നാടിന് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വമായി മാറി.
സംസ്കാര കർമ്മങ്ങൾ ഇന്ന് (22.02.2026, ഞായർ) ഉച്ചയ്ക്ക് 2.30-ന് ആലുംപീടിക CMS മനാദി സ്കൂളിന് സമീപമുള്ള “മാ” ആലയം വീട്ടുവളപ്പിൽ നടന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടിന്റെ വിവിധ മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി. (NM Oachira)
For more details: The Indian Messenger



