ഒമാനിലെ പ്രളയക്കയത്തിൽ രണ്ട് ഇന്ത്യക്കാരെ രക്ഷിച്ച് പാകിസ്ഥാൻ യുവാവ്; ഷഹ്സാദ് ഖാന് അഭിനന്ദനപ്രവാഹം.

ഒമാനിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് ഇന്ത്യക്കാരുടെ ജീവൻ രക്ഷിച്ച പാകിസ്ഥാൻ സ്വദേശി ഷഹ്സാദ് ഖാൻ ഹീറോയായി മാറി. ഒമാനിലെ ബർക്കയിൽ ജോലി ചെയ്യുന്ന പെഷവാർ സ്വദേശിയായ 25-കാരൻ, തൻ്റെ ജീവൻ പണയപ്പെടുത്തിയാണ് മുങ്ങിത്താഴ്ന്ന കാറിൽ നിന്നും ആളുകളെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ ഒമാനിൽ തുടരുന്ന ന്യൂനമർദ്ദത്തെത്തുടർന്നുണ്ടായ പ്രളയത്തിൽ ഇതുവരെ പത്തോളം പേർ മരിക്കുകയും നിരവധി പേർ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ ബർക്കയിലെ വാദി കരകവിഞ്ഞൊഴുകിയപ്പോഴാണ് സംഭവം നടന്നത്. ശക്തമായ ഒഴുക്കുള്ള വാദി മുറിച്ചുകടക്കാൻ ശ്രമിച്ച കാർ പാതിവഴിയിൽ കുടുങ്ങുകയായിരുന്നു. നൂറുകണക്കിന് ആളുകൾ കരയിൽ തടിച്ചുകൂടി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴാണ് സഹായത്തിനായി നിലവിളിക്കുന്ന യാത്രക്കാരെ കണ്ട് ഷഹ്സാദ് ഖാൻ വെള്ളത്തിലേക്ക് ചാടിയത്. ചുവന്ന കുർത്ത ധരിച്ച ഷഹ്സാദ് കാറിന് മുകളിലേക്ക് കയറുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കാറിനുള്ളിൽ വെള്ളം നിറഞ്ഞുകൊണ്ടിരുന്നതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ആദ്യം കാലുകൾ കൊണ്ട് കാറിൻ്റെ ചില്ല് തകർക്കാൻ ഷഹ്സാദ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കല്ലുകൾ ഉപയോഗിച്ച് ചില്ല് തകർത്താണ് അദ്ദേഹം യാത്രക്കാരെ പുറത്തെടുത്തത്. ഒരു നിമിഷം വൈകിയിരുന്നെങ്കിൽ കാർ പൂർണ്ണമായും വെള്ളത്തിനടിയിലാകുമായിരുന്നു. യാതൊരു മടിയും കൂടാതെയാണ് അദ്ദേഹം ഈ സാഹസികമായ രക്ഷാപ്രവർത്തനം നടത്തിയത്.
“ആ സമയത്ത് ഞാൻ അവരുടെ രാജ്യമോ മതമോ ചിന്തിച്ചില്ല, അപകടത്തിൽപ്പെട്ട മനുഷ്യരെ മാത്രമാണ് കണ്ടത്. ഒരാൾ മുങ്ങിത്താഴുകയായിരുന്നു, മറ്റൊരാൾ പുറത്തിറങ്ങാൻ കഷ്ടപ്പെടുകയായിരുന്നു. അവരെ രക്ഷിക്കാൻ ദൈവം എനിക്ക് ധൈര്യം നൽകി” – ഷഹ്സാദ് ഖാൻ പറഞ്ഞു. തൻ്റെ കർത്തവ്യം മാത്രമാണ് ചെയ്തതെന്നും ആ സമയത്ത് തോന്നിയ പ്രേരണയാണ് രക്ഷാപ്രവർത്തനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷപ്പെട്ട രണ്ട് പേരും ഇന്ത്യൻ പൗരന്മാരാണ്.
ഷഹ്സാദിൻ്റെ ധീരമായ പ്രവർത്തനത്തെ പാകിസ്ഥാൻ സോഷ്യൽ ക്ലബ്ബും ഒമാനിലെ വിവിധ കമ്മ്യൂണിറ്റികളും പ്രശംസിച്ചു. അപകടസ്ഥലത്ത് കാഴ്ചക്കാരായി നിന്നവർക്കിടയിൽ നിന്നും മുന്നോട്ടുവന്ന ഷഹ്സാദിൻ്റെ ധീരത തുല്യതയില്ലാത്തതാണെന്ന് സോഷ്യൽ വെൽഫെയർ ഡയറക്ടർ ഷാൻദാർ ബുഖാരി പറഞ്ഞു. വരും ദിവസങ്ങളിൽ പാകിസ്ഥാൻ എംബസിയും കമ്മ്യൂണിറ്റിയും ഷഹ്സാദിനെ ഔദ്യോഗികമായി ആദരിക്കാനുള്ള തീരുമാനത്തിലാണ്. (Muscat Daily)
For more details: The Indian Messenger



