ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രത വേണം.
സംസ്ഥാനത്ത് ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 38°C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും ഉയരാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36°C വരെ ചൂട് രേഖപ്പെടുത്തിയേക്കാം. ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മലയോര മേഖലകളിലൊഴികെ കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. മദ്യം, കാപ്പി, ചായ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം.
കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളുകളിലും അംഗനവാടികളിലും കുട്ടികൾക്ക് ചൂടേൽക്കാത്ത സാഹചര്യം ഉറപ്പാക്കണമെന്നും ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും മറ്റും ആവശ്യമായ വിശ്രമം നൽകണമെന്നും അധികൃതർ അറിയിച്ചു.
കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം. (Kerala News)
For more details: The Indian Messenger



