തക്ഷകൻ: പുള്ളുവൻ പാട്ടിന്റെ തന്ത്രികളിൽ നാഗദൈവങ്ങളുടെ സ്തുതിഗീതം മീട്ടുന്ന കലാകാരൻ.

എസ്. രമേശ് ഓച്ചിറ

കാലത്തിന്റെ കുത്തൊഴുക്കിൽപ്പെടാതെ, ഏതോ വിദൂര ഭൂതകാലത്തിൽ ഉത്ഭവിച്ച നാഗാരാധനയുടെ നാവേറായ പുള്ളുവൻ പാട്ടിലൂടെ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സർഗ്ഗപ്രതിഭയാണ് തക്ഷകൻ. നന്മയുടെ പച്ചപുതച്ച ഗ്രാമമായ ഓച്ചിറ തെക്ക് കൊച്ചുമുറി മുക്കുവൻചിറയിൽ നാണുവിന്റേയും കാർത്ത്യായനിയുടേയും അഞ്ചു മക്കളിൽ ഇളയ പുത്രനായിരുന്നു അദ്ദേഹം. നാഗദൈവങ്ങളുമായി ബന്ധപ്പെട്ട പേരുകളായിരുന്നു തക്ഷകനെപ്പോലെ തന്നെ സഹോദരങ്ങൾക്കും ഉണ്ടായിരുന്നത്. ദാരിദ്ര്യം നിറഞ്ഞതായിരുന്നു തക്ഷകന്റെ കുട്ടിക്കാലം. നാഗവീണയിൽ ശ്രുതി മീട്ടി അച്ഛനും പുള്ളുവക്കുടത്തിൽ താളമിട്ട് അമ്മയും പാടിയിരുന്ന പാട്ടുകൾ ആ ജീവിതത്തിന് എന്നും ഒരാശ്വാസമായിരുന്നു.

കാവുകളിൽ പുള്ളുവൻപാട്ടുള്ളപ്പോൾ സഹോദരനൊപ്പം ബാലനായ തക്ഷകനേയും മാതാപിതാക്കൾ കൊണ്ടു പോകുമായിരുന്നു. അന്ന് നാഗ പാട്ടുകൾ പാടി കഴിയുമ്പോൾ ,എല്ലാവരും അച്ഛനോട് കാണിക്കുന്ന സ്നേഹവും, ആദരവും, ബഹുമാനവും കണ്ട് തക്ഷകൻ അതിശയിച്ചു പോയിട്ടുണ്ട്.
“തനിക്കും അച്ഛനെപ്പോലെ വലിയൊരു പുള്ളുവൻ പാട്ടുകാരനാകണം”
തക്ഷകൻ്റെ കുഞ്ഞു മനസ്സിൽ മോഹമുദിച്ചു.
പിന്നീട്, പലപ്പോഴും തക്ഷകനെ ഒഴിവാക്കി സഹോദരനെയാണ് മാതാപിതാക്കൾ കൂടെ കൂട്ടിയിരുന്നത് . തന്നേ കുടി കൊണ്ടു പോകണമെന്ന് എത്ര കരഞ്ഞുപറഞ്ഞിട്ടും കേൾക്കാതെ പുള്ളുവക്കുടവും നാഗവീണയുമായി പാടവരമ്പിലൂടെ നടന്നു നീങ്ങുന്ന പ്രിയപ്പെട്ടവരെ നോക്കി മൺകുടിലിൽ ഇരുന്ന് ബാലനായ തക്ഷകൻ തേങ്ങി കരയുമായിരുന്നു.

അക്കാലത്ത് അച്ഛനോടൊപ്പം വീടുകളിൽ ചെന്ന് പുള്ളുവൻ പാട്ടു പാടുമ്പോൾ അവിടെ നിന്നും നെല്ലും, എണ്ണയും മുണ്ടും ദക്ഷിണയായി ലഭിച്ചിരുന്നു. വീടുകളിൽ നെല്ലിന് ക്ഷാമമുണ്ടായിരുന്നില്ല എന്നതുകൊണ്ട് വൃശ്ചികം മുതൽ മേടം വരെയാണ് പ്രധാനമായും പുള്ളുവൻ പാട്ടു പാടാനിറങ്ങിയിരുന്നത്.
അന്നന്ന് ദക്ഷിണയായി ലഭിച്ച നെല്ല് വാട്ടി കുത്തിയാണ് ചോറു വെച്ചിരുന്നത്. എല്ലാവരോടുമൊപ്പമിരുന്ന് വിശപ്പകറ്റുമ്പോൾ ലഭിച്ചിരുന്ന ആത്മസംതൃപ്തി മറക്കുവാൻ കഴിയില്ല. അന്നത്തെ കാലത്ത് അനുഭവിച്ചിരുന്ന ദാരിദ്ര്യത്തിന് ഒരു പ്രത്യേക അനുഭൂതിയായിരുന്നു. ഇന്ന് കാലം ഒത്തിരി മാറിയിരിക്കുന്നു.
ദു:ഖങ്ങളുടെ മഹാസമുദ്രത്തിനിടയിലെ ആശ്വാസത്തിൻ്റെ പവിഴദ്വീപായ ഓച്ചിറ ഒണ്ടിക്കാവിലെ സർപ്പ ദൈവങ്ങൾക്കു മുന്നിൽ നാവേറ് പാടാനെത്തിയത് തക്ഷകൻ്റെ എട്ടാം വയസ്സിൽ തൻ്റെ അച്ഛനോടൊപ്പമായിരുന്നു
കാവിൻ്റെ ഇരുളാർന്ന പച്ചപ്പിൽ ഓങ്കാര മൂർത്തിയുടെ മുന്നിലെത്തുന്ന ഭക്തരുടെ സർപ്പദോഷമകറ്റുവാനായി പുള്ളുവൻപാട്ട് പാടുവാൻ കഴിയുന്നതുതന്നെ തക്ഷകന് ഒരു ജന്മസുകൃതമായിരുന്നു
ദിവസവും രാവിലെ ഏഴിന് ഒണ്ടിക്കാവിലെത്തുന്ന തക്ഷകൻ ദീപാരാധനയ്ക്കു ശേഷമാണ് മടങ്ങുന്നത്.പുള്ളുവൻ പാട്ടു പാടി കിട്ടുന്ന ദക്ഷിണയാണ് വരുമാനം.. അദ്ദേഹത്തിൻ്റെ മക്കളായ ജഗന്നാഥനും, ജഗദീഷും, ജയകുമാറും അനുഷ്ഠാന വഴികളിൽ തുടരുന്നു.
തക്ഷകൻ്റെ അച്ഛൻ്റെ സഹോദരങ്ങളായ കേശവനും ,നീലകണ്ഠനും, മാധവനും ഒണ്ടിക്കാവിൽ നാഗപ്രീതിയ്ക്കായി പാടിയിരുന്നു. കാരണവൻമാരുടെ കാലം കഴിഞ്ഞതോടെ ഈ അവകാശം അടുത്ത തലമുറ ഏറ്റെടുത്തു.
മുടിയേറ്റ്, തീയ്യാട്ട്, കോലം തുള്ളൽ, സർപ്പം തുള്ളൽ തുടങ്ങിയ അനുഷ്ഠാനങ്ങളിലെല്ലാം ഒഴിച്ചുകൂടാൻ കഴിയാത്ത , “കളമെഴുത്തിൽ ” തക്ഷകൻ അതീവ പ്രാവിണ്യം നേടിയ ആളാണ്. കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിലെ സർപ്പക്കാവുകളിൽ പാടുവാനും കളമെഴുതുവാനുമുള്ള ഭാഗ്യം തക്ഷകന് ലഭിച്ചിട്ടുണ്ട്.
മഞ്ഞൾ പൊടി, അരി പൊടി ,കരി പൊടി, വാക പൊടി, ഉമിക്കരി എന്നിവയാണ് കളം എഴുതുവാൻ ഉപയോഗിക്കുന്നത്.കണ്ണൻചിരട്ടയിൽ പൊടി നിറച്ച ശേഷം നിലത്ത് തട്ടി തട്ടിയാണ് കളം വരയ്ക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് കൊല്ലം തൂലിക തിയറ്റേഴ്സിൻ്റെ “അലക്ക് കല്ല് ” എന്ന നാടകത്തിൽ, പ്രശസ്ത നടനായ “കുഞ്ഞുമോൻ ഓച്ചിറ “യുടെ നിർദ്ദേശപ്രകാരം തക്ഷകനും, സഹോദരി വിനതയും പുള്ളവൻപാട്ട് ആലപിച്ചിരുന്നു .കോട്ടയത്ത് ഒരു സ്റ്റുഡിയോയിൽ ആയിരുന്നു അതിൻ്റെ റിക്കോർഡിംഗ് .
സർപ്പക്കാവുകളിലും ,ക്ഷേത്രങ്ങളിലുമൊക്കെ പാടി ശീലിച്ചിരുന്ന തക്ഷകൻ ആദ്യമായി റിക്കോർഡിംഗ് സ്റ്റുഡിയോയിൽ പാടുവാനായി എത്തിയപ്പോൾ ഒരല്പം പതറിയിരുന്നു. പാട്ടു പാടുവാൻ പുള്ളുവ വീണ കൈയ്യിലെടുത്തപ്പോൾ നാഗദൈവങ്ങളുടെ കൃപയാൽ എല്ലാ പതർച്ചയും മാറുകയും പുള്ളുവഗാനം മനോഹരമാക്കുവാനും കഴിഞ്ഞു.
പിൽക്കാലത്ത് ആ നാടകം പോലെ തന്നെ തക്ഷകൻ്റേയും, വിനതയുടേയും പുള്ളുവൻപാട്ടും വളരെയധികം ജനപ്രീതി നേടിയിരുന്നു.
ഫാസിൽ സംവിധാനം നിർവ്വഹിച്ച”എന്നെന്നും കണ്ണേട്ടൻ്റെ” എന്ന ചിത്രത്തിലെ അവസാന രംഗത്ത് അഭിനയിക്കുവാനും പുള്ളുവൻപാട്ടു പാടുവാനും തക്ഷകന് കഴിഞ്ഞിട്ടുണ്ട്.
വലിയ ഒരു സൗഹൃദവലയമുള്ള തക്ഷകന്, മറക്കുവാൻ കഴിയാത്തവർ നിരവധിയുണ്ടെങ്കിലും ,മോശമായ പല സാഹചര്യങ്ങളിൽ തനിക്കെന്നും തുണയായി നിന്നിട്ടുള്ള, ഓച്ചിറയുടെ അഭിമാനമായിരുന്ന എ.കെ.കുറുപ്പ് ,ആർ .ഭാസ്ക്കരകുറുപ്പ് എന്നിവരുടെ വേറിട്ട ചിത്രങ്ങൾ ഇന്നും അദ്ദേഹം നിറം മങ്ങാതെ മനസ്സിൽ സൂക്ഷിക്കുന്നു.
” ഇനിയൊരു ജന്മം ദൈവം തരികയാണെങ്കിൽ നാഗത്താൻമാർക്കു വേണ്ടി വീണ്ടും പാടുവാൻ കഴിയണേ” എന്നാണ് തക്ഷകൻ്റെ പ്രാർത്ഥന.
മനസ്സിലെ ഗ്രാമീണതയെ മന:പൂർവ്വം തുടച്ചു നീക്കാതെ, അറിവിൻ്റെ നെറുകയിൽ നിൽക്കുമ്പോഴും വിനയത്തിൻ്റെ ആർദ്രത നഷ്ടപ്പെടാതെ ,തക്ഷകൻ തൻ്റെ ജീവിത സപര്യ ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു.
For more details: The Indian Messenger



