സോഷ്യൽ മീഡിയ അഡിക്ഷൻ; മെറ്റയ്ക്കും യൂട്യൂബിനും എതിരെ ചരിത്രപരമായ വിധി.

യുവതിയെ ബോധപൂർവം സോഷ്യൽ മീഡിയയ്ക്ക് അടിമയാക്കിയെന്ന പരാതിയിൽ മെറ്റയ്ക്കും (ഇൻസ്റ്റാഗ്രാം) യൂട്യൂബിനും എതിരെ കാലിഫോർണിയ ജൂറിയുടെ ചരിത്രപരമായ വിധി.
പ്ലാറ്റ്ഫോമുകളുടെ രൂപകല്പനയിൽ പിഴവുണ്ടെന്നും കുട്ടികൾക്ക് ഇവ അപകടകരമാണെന്ന് അറിഞ്ഞിട്ടും കമ്പനികൾ മുന്നറിയിപ്പ് നൽകിയില്ലെന്നും ജൂറി കണ്ടെത്തി. പ്ലാറ്റ്ഫോമുകളുടെ അമിത ഉപയോഗം മൂലം മാനസികാരോഗ്യം തകർന്നതായി കാണിച്ച് 20-കാരിയായ കെയ്ലി എന്ന യുവതി നൽകിയ കേസിലാണ് ഈ നടപടി.
കേസിൽ മെറ്റ 70 ശതമാനവും യൂട്യൂബ് 30 ശതമാനവും ഉത്തരവാദികളാണെന്ന് ജൂറി വിധിച്ചു. കെയ്ലിക്കൊപ്പം സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങൾ അനുഭവിച്ച മറ്റ് കൗമാരക്കാരുടെ മാതാപിതാക്കളും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.
ശിക്ഷാനടപടിയുടെ ഭാഗമായി (Punitive Damages) മെറ്റ 2.1 മില്യൺ ഡോളറും യൂട്യൂബ് 9 ലക്ഷം ഡോളറും അധികമായി നൽകണമെന്നും ജൂറി ശുപാർശ ചെയ്തു. ആറാം വയസ്സിൽ യൂട്യൂബും ഒൻപതാം വയസ്സിൽ ഇൻസ്റ്റാഗ്രാമും ഉപയോഗിച്ചു തുടങ്ങിയ തനിക്ക് ഇതുമൂലം കടുത്ത വിഷാദവും ആത്മഹത്യാ ചിന്തകളും ഉണ്ടായതായി കെയ്ലി കോടതിയിൽ ബോധിപ്പിച്ചു.
സമാനമായ ആയിരക്കണക്കിന് കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വിധി സോഷ്യൽ മീഡിയ കമ്പനികൾക്ക് വലിയ തിരിച്ചടിയാണ്. എന്നാൽ ഈ വിധിക്കെതിരെ അപ്പീൽ നൽകാനാണ് മെറ്റയുടെയും യൂട്യൂബിന്റെയും തീരുമാനം.(CNN)
For more details: The Indian Messenger



