INDIA NEWSKERALA NEWSTOP NEWS

തൊടുപുഴയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇടിമിന്നലേറ്റ് 12 വയസ്സുകാരി മരിച്ചു; പിതാവിനും മറ്റൊരാൾക്കും പരിക്ക്.

തൊടുപുഴ: ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിന് സമീപമുള്ള ഉറവപ്പാറ സന്ദർശിക്കാനെത്തിയ പെൺകുട്ടി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂർ മുടിക്കൽ വടക്കനേതിൽ അഫ്സലിന്റെ മകൾ നഫീസത്തുൾ മിസ്‌റിയ (12) ആണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ പെൺകുട്ടിയുടെ പിതാവ് വി.എം. അഫ്സൽ (39), തൊടുപുഴ മങ്ങാട്ടുകവല സ്വദേശി ഗോകുൽ എസ്. രാജ് (26) എന്നിവർക്ക് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. അവധിക്കാലം ആഘോഷിക്കാനായി തൊടുപുഴയിലെത്തിയതായിരുന്നു പെരുമ്പാവൂർ സ്വദേശികളായ ഈ കുടുംബം. നഗരത്തിൽ നടക്കുന്ന സമ്മർ ഫെസ്റ്റ് സന്ദർശിച്ച ശേഷം ഇവർ ഉറവപ്പാറ മലമുകളിലേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. മലമുകളിൽ നിൽക്കുമ്പോൾ പെട്ടെന്ന് ശക്തമായ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. ഇതോടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നഫീസത്തുൾ മിസ്‌റിയയ്ക്കും അഫ്സലിനും ശക്തമായ മിന്നലേറ്റത്.

ഇരുവരും തെറിച്ചു വീഴുന്നത് കണ്ട് രക്ഷിക്കാൻ ഓടിയെത്തിയപ്പോഴാണ് സമീപത്തുണ്ടായിരുന്ന ഗോകുലിനും മിന്നലേറ്റത്. പരിക്കേറ്റ മൂവരെയും ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മിസ്‌റിയയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അഫ്സലിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. (KN)

For more details: The Indian Messenger

Related Articles

Back to top button