“ബൈ ബൈ പിണറായി”; വോട്ടർമാർക്ക് മുന്നിൽ 10 കാര്യങ്ങൾ നിരത്തി കെ.സി. വേണുഗോപാൽ.

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കുമെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കേരളത്തിലെ വോട്ടർമാർ പത്ത് കാര്യങ്ങൾ ഓർത്തുവേണം ബൂത്തിലേക്ക് പോകാനെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. ഈ തിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ കലാശക്കൊട്ടും യു.ഡി.എഫ് സർക്കാരിന്റെ കേളികൊട്ടുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ബി.ജെ.പിയുമായും മറ്റ് വർഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയെങ്കിലും അധികാരം നിലനിർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എന്നാൽ പത്ത് വർഷത്തെ കിരാത ഭരണത്തിൽ നിന്ന് മോചനം നേടാൻ കേരളം തയ്യാറെടുത്തു കഴിഞ്ഞെന്നും, അതുകൊണ്ട് “ബൈ ബൈ പിണറായി” എന്നും വേണുഗോപാൽ കുറിച്ചു. ഇടതുമുന്നണി വീണ്ടും വന്നാൽ നേരിടേണ്ടി വരുന്ന പത്ത് വിപത്തുകളെ അദ്ദേഹം അക്കമിട്ട് നിരത്തി. പിൻവാതിൽ നിയമനങ്ങൾ, സാമ്പത്തിക തകർച്ച, നികുതി വർദ്ധനവ് എന്നിവ ഇതിൽ പ്രധാനമാണ്.
വീട്ടുകരം, വസ്തുക്കരം, വൈദ്യുതി ചാർജ്, ചികിത്സാ നിരക്ക്, ബസ് കൂലി എന്നിവ ഇനിയും വർദ്ധിക്കുമെന്നും സർക്കാർ ആശുപത്രികൾ കൊലക്കളങ്ങളായി തുടരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഹകരണ പ്രസ്ഥാനങ്ങളിലെ കൊള്ളയും വന്യജീവി ആക്രമണങ്ങളും തുടരുമെന്ന് പറഞ്ഞ അദ്ദേഹം, സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ സി.പി.എം ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പരിഹസിച്ചു. പാർട്ടിക്കാർ ഉൾപ്പെട്ട പീഡനക്കേസുകളിൽ അവർക്ക് കവചമൊരുക്കുന്ന രീതിയാണ് സർക്കാരിന്റേതെന്നും വേണുഗോപാൽ ആരോപിച്ചു. (Kerala News)
For more details: The Indian Messenger



