“തോക്കിൻ മുനയിൽ നിർത്തി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു?”; പിന്തുണയുമായി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: കാപ്പ (KAAPA) കേസിൽ അറസ്റ്റിലായ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് മേയർ വി.വി. രാജേഷ് രംഗത്ത്. സുഗതന് ആവശ്യമായ എല്ലാവിധ രാഷ്ട്രീയവും നിയമപരവുമായ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്ന സമയത്ത് സുഗതന്റെ 14 വയസ്സുള്ള മകന് നേരെ പൊലീസ് തോക്കുചൂണ്ടിയതായി ആരോപിച്ച മേയർ, താൻ ഇന്ന് തന്നെ സുഗതന്റെ വീട് സന്ദർശിക്കുമെന്നും അറിയിച്ചു. സുഗതനെ മനഃപൂർവം വേട്ടയാടുകയാണെന്നും അദ്ദേഹത്തെ കാപ്പ കേസിൽ കള്ളക്കേസ് ചമച്ച് കുടുക്കിയതാണെന്നും വി.വി. രാജേഷ് ആരോപിച്ചു.
വർഷങ്ങളായി സിപിഐഎം തുടർച്ചയായി വിജയിച്ചുകൊണ്ടിരുന്ന വാർഡിൽ നിന്നാണ് ജനങ്ങളുടെ രാഷ്ട്രീയ വിവേകം കൊണ്ട് സുഗതൻ ഇത്തവണ വിജയിച്ചു വന്നത്. സുഗതൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചിട്ടില്ലെന്നും, പിന്നെ എന്തിനാണ് വെടിയുതിർത്ത് അവിടെയൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും വി.വി. രാജേഷ് ചോദിച്ചു. തലസ്ഥാന നഗരിയിൽ ഒരു കൗൺസിലറെ വെടിവച്ച് ഭീകരാന്തരീക്ഷം ഉണ്ടാക്കി പിടികൂടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് മേയർ കൂട്ടിച്ചേർത്തു.
സുഗതൻ കാപ്പാ കേസിൽ പ്രതിയാണെങ്കിൽ അത് കൃത്യമായി തെളിയിക്കുന്ന രേഖകൾ പുറത്തുവിടാൻ പൊലീസ് തയ്യാറാകണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു പൊലീസുകാരൻ വന്നിട്ട് ഇദ്ദേഹം കാപ്പ കേസിൽ പ്രതിയാണെന്ന് പറഞ്ഞാൽ, അത് അംഗീകരിച്ചു കൊടുക്കാൻ താൻ അടക്കമുള്ളവർ തയ്യാറല്ല. മേയർ എന്ന നിലയ്ക്ക് കൗൺസിലർമാരെ ഇത്തരത്തിൽ ദ്രോഹിക്കുന്ന നടപടികൾക്കെതിരെ കർശനമായി തന്നെ പ്രതികരിക്കും. സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവരാണ് ഈ ക്രിമിനൽ ബുദ്ധിക്ക് പിന്നിൽ പ്രവർത്തിച്ചത്. മുൻപ് പലവിധ പ്രശ്നങ്ങളിൽ അകപ്പെടുകയും അവധിയിൽ പ്രവേശിക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സിഐ വിപിൻ. പിന്നീട് ഒരു മുൻ എൽഡിഎഫ് എംഎൽഎ ഇടപെട്ടാണ് ഇയാളെ സർവീസിലേക്ക് തിരികെ കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് കാലത്താണ് ഈ ഉദ്യോഗസ്ഥൻ വട്ടിയൂർക്കാവിൽ എത്തിയതെന്നും വി.വി. രാജേഷ് ആരോപിച്ചു.
Short Brief
Thiruvananthapuram Mayor V.V. Rajesh has extended strong political and legal solidarity to BJP Councilor R. Sugathan, who was recently arrested under the KAAPA Act. Strongly condemning the police action, the Mayor alleged that law enforcement staged a terror-like situation by firing shots and even pointing a gun at Sugathan’s 14-year-old son. Demanding documentary proof of the charges, Rajesh claimed Sugathan is being politically targeted for winning a long-standing CPIM seat and accused the local CI and SI of political bias linked to the LDF.
(With inputs from MN)
For more details: The Indian Messenger



