“വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനാ? എനിക്ക് വീട്ടിൽ പോണം”; വട്ടിയൂർക്കാവിൽ ബിജെപി നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തി വയോധിക.

തിരുവനന്തപുരം: വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പൊലീസിനെതിരെ ബിജെപി നടത്തിയ സമരത്തിനിടെ നേതാക്കൾക്കെതിരെ പരസ്യമായി ശബ്ദമുയർത്തി വയോധിക. പൊതുവഴി തടസ്സപ്പെടുത്തി സമരം ചെയ്യുന്നത് എന്തിനാണെന്നും ഇത്തരത്തിൽ വഴിയടച്ചാൽ തങ്ങൾക്ക് എങ്ങനെ വീട്ടിൽ പോകാൻ സാധിക്കുമെന്നും വഴിയാത്രക്കാരിയായ സരസ്വതിയമ്മ ചോദ്യം ചെയ്തു. വൈകിട്ട് നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന ബിജെപി നേതാവ് കരമന അജിത്തിന്റെ പ്രസംഗത്തിനിടെ അദ്ദേഹത്തിന്റെ കൈയിൽ കയറിപ്പിടിച്ചായിരുന്നു വയോധിക തന്റെ പ്രതിഷേധം അറിയിച്ചത്. പ്രസംഗം തടസ്സപ്പെട്ടതോടെ അജിത് വയോധികയെ അവിടെനിന്ന് മാറ്റിനിർത്താൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. എന്നാൽ മാധ്യമങ്ങളും നാട്ടുകാരും വിഷയം ശ്രദ്ധിച്ചതോടെ, ഒപ്പമുണ്ടായിരുന്ന ബിജെപി കൗൺസിലർമാർ സരസ്വതിയമ്മയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ വയോധികയുടെ പ്രതിഷേധം കനത്തതോടെ ബിജെപി നേതാവ് ഉദ്ഘാടന പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചു സമരം നിർത്തുകയായിരുന്നു.
വധശ്രമക്കേസിൽ പ്രതിയായി ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന തിരുവനന്തപുരം കോർപറേഷൻ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതനെ കഴിഞ്ഞ ദിവസമാണ് പൊലീസ് സംഘം പിടികൂടിയത്. ഒളിവിലായിരുന്ന സുഗതൻ ചൊവ്വാഴ്ച രാത്രി പത്തോടെ വാഴോട്ടുകോണത്തെ വീട്ടിൽ എത്തിയ വിവരം അറിഞ്ഞ് വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെയെത്തുകയും, ആകാശത്തേക്ക് വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയുമായിരുന്നു.
സുഗതനെ നാടകീയമായി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഇന്നലെ വൈകിട്ട് ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് പൊലീസിനെതിരെ റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപി നേതാക്കളും നൂറുകണക്കിന് അണികളും പ്രതിഷേധ പരിപാടിക്കായി തടിച്ചുകൂടിയതോടെ വട്ടിയൂർക്കാവ് ജംഗ്ഷനിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പരിപാടി തുടങ്ങാൻ വൈകിയതോടെ പൊലീസിനും റോഡ് നിയന്ത്രിക്കാൻ പാടുപെടേണ്ടി വന്നു. ഗതാഗത തടസ്സം രൂക്ഷമായതോടെ നാട്ടുകാർക്കിടയിലും വലിയ രീതിയിലുള്ള എതിർപ്പുണ്ടായി. ജനങ്ങൾക്കുണ്ടായ ഈ ബുദ്ധിമുട്ടാണ് ഒടുവിൽ സരസ്വതിയമ്മ എന്ന വയോധികയുടെ വാക്കുകളിലൂടെയും പരസ്യമായ ഇടപെടലിലൂടെയും പുറത്തുവന്നത്.
Short Brief
An elderly pedestrian, Saraswathy Amma, disrupted a BJP protest in Vattiyoorkavu, Thiruvananthapuram, by directly confronting a leader on the microphone over road blockages caused by the agitation. The protest was organized by BJP councilors against the local police following the dramatic arrest of fugitive ward councilor Sugathan, which involved police firing warning shots into the air. The demonstration led to massive traffic gridlock at Vattiyoorkavu Junction, sparking public anger that culminated in the elderly woman’s viral intervention, forcing leaders to abruptly cut short their speeches.
(With inputs from MN)
For more details: The Indian Messenger



