FEATURE ARTICLE

അക്ഷരങ്ങളിലൂടെയും നാദത്തിലൂടെയും ഒരു വസന്തം: പി.കെ. ഗോപിയുടെ ജീവിതവും സാഹിത്യപ്രയാണവും.

Sponsored

മലയാള കവിതയിലും ചലച്ചിത്ര ഗാനരംഗത്തും ഭാവസാന്ദ്രമായ വരികൾ കൊണ്ട് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് പി.കെ. ഗോപി. പത്തനംതിട്ട ജില്ലയിലെ കൊടുമൺ അങ്ങാടിക്കൽ ഗ്രാമത്തിൽ കുഞ്ഞുപിള്ളയുടെയും കല്യാണിയുടെയും മകനായി 1949 ജൂൺ 8-ന് ചോതി നക്ഷത്രത്തിലാണ് അദ്ദേഹം ജനിച്ചത്. അങ്ങാടിക്കൽ എസ്.എൻ.വി. ഹൈസ്കൂൾ, പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ഔദ്യോഗിക ജീവിതത്തിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലിയിൽ പ്രവേശിച്ചതോടെ അദ്ദേഹം അങ്ങാടിക്കൽ നിന്നും കോഴിക്കോട്ടേക്ക് താമസം മാറി . ആരോഗ്യവകുപ്പിൽ മികച്ച സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് ഏറ്റവും നല്ല സർക്കാർ ഉദ്യോഗസ്ഥനുള്ള ജേസീസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. കോമളയാണ് ഭാര്യ. ആര്യ, സൂര്യ എന്നിവർ മക്കളാണ്.

സാഹിത്യരംഗത്തെ തുടക്കവും വളർച്ചയും

ചെറുപ്പം മുതൽക്കേ അച്ഛൻ കുഞ്ഞുപിള്ളയുടെ പുരാണ പാരായണം കേട്ടു വളർന്നതാണ് പി.കെ. ഗോപിയുടെ മനസ്സിൽ അക്ഷരങ്ങളുടെ വിത്തു പാകിയത് . സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ വായനയും എഴുത്തും ഒപ്പം കൂട്ടിയ അദ്ദേഹം കവി, കഥാകാരൻ, നാടകകൃത്ത് എന്നീ നിലകളിലെല്ലാം സാഹിത്യലോകത്ത് തന്റെ സാന്നിധ്യമറിയിച്ചു . ആനുകാലികങ്ങളിൽ കവിതകൾ എഴുതിയും കേരളത്തിലുടനീളം അവ സദസ്സുകളിൽ സ്വന്തം ശബ്ദത്തിൽ അവതരിപ്പിച്ചും അദ്ദേഹം ജനഹൃദയങ്ങളിൽ ഇടംനേടി.

ഒപ്പ്, ഹരിശ്രീ, മലയാളപ്പൂക്കൾ, മൺകുടം, അറിവും മുറിവും, പട്ടം, മുത്തുമൊഴികൾ, കളിയമ്മ, ഏകം, ചിരന്തനം, എഴുത്തമ്മ, നെഞ്ചിലെ മൺചെരാതുകൾ, സുഷുമ്നയിലെ സംഗീതം, കാലച്ചൂടിന്റെ വെളിച്ചം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. അദ്ദേഹത്തിന്റെ കവിത്വത്തിന്റെ മികവ് തെളിയിക്കുന്ന ‘പുഴ’, ‘രക്ഷകൻ’, ‘ദേശാടനപ്പക്ഷി’, ‘വേനൽപക്ഷിയുടെ ഗായത്രി’ തുടങ്ങിയ ശ്രദ്ധേയമായ കവിതകൾ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

Sponsored

ആകാശവാണിയും നാടകഗാനങ്ങളും

കവി എന്ന നിലയിൽ ശ്രദ്ധേയനായ പി.കെ. ഗോപിയെ തേടി ഒട്ടനവധി പുരസ്കാരങ്ങൾ എത്തിയിരുന്നു . ചലച്ചിത്രരംഗത്ത് സജീവമാകുന്നതിന് മുൻപ് തന്നെ ആകാശവാണയിലൂടെ അദ്ദേഹത്തിന്റെ നിരവധി ലളിതഗാനങ്ങൾ മലയാളി ശ്രവിച്ചിരുന്നു. ‘ലളിതസംഗീത പാഠ’ത്തിനു വേണ്ടി അദ്ദേഹം രചിച്ച “പാവനമാം വിശ്വം മനോഹരം” എന്ന ഗാനം എം.ജി. രാധാകൃഷ്ണനും പെരുമ്പാവൂർ ജി. രവീന്ദ്രനാഥും വ്യത്യസ്ത ഈണങ്ങളിൽ ചിട്ടപ്പെടുത്തി ആലപിച്ചിട്ടുണ്ട് . ഒരേ ഗാനം രണ്ട് പ്രശസ്ത സംഗീതസംവിധായകർ ചിട്ടപ്പെടുത്തിയത് ആസ്വദകർക്കും കവിക്കും ഒരു പുതിയ അനുഭവവും നേട്ടവുമായിരുന്നു .

ആകാശവാണിയിൽ ഗാനങ്ങളെഴുതാൻ എം.ജി. രാധാകൃഷ്ണൻ അദ്ദേഹത്തെ നിരന്തരം നിർബന്ധിക്കുമായിരുന്നു . അതേസമയം തന്നെ തന്റെ സഹോദരൻ പി.കെ. രാജൻബാബു നടത്തിവന്ന ‘ശിൽപശാല’ എന്ന നാടകസമിതിയിലെ നാടകങ്ങൾക്കായി പി.കെ. ഗോപി ധാരാളം ഗാനങ്ങൾ രചിച്ചു . പ്രശസ്ത സംഗീതജ്ഞൻ കണ്ണൂർ രാജനായിരുന്നു ഈ നാടകങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് . നാടകഗാന രംഗത്തെ ഈ പരിചയസമ്പത്ത് പിന്നീട് സിനിമാ ഗാനങ്ങളിലേക്ക് എത്തിയപ്പോഴും തനിക്ക് ഒരിക്കൽപോലും മാറ്റിവെക്കേണ്ടി വന്നിട്ടില്ലെന്ന് കവി ഓർക്കുന്നു .

ചലച്ചിത്ര ഗാനരംഗത്തേക്കുള്ള കടന്നുവരവ്

ഒരു ഫിസിയോതെറാപ്പിസ്റ്റായി കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടയിലാണ് അടുത്ത സുഹൃത്തായ കുടൽ ഷാജി വഴി അദ്ദേഹം കെ.സി. ബാബുവിനെ പരിചയപ്പെടുന്നത് . കെ.സി. ബാബു തന്റെ സുഹൃത്തും പ്രശസ്ത നിർമ്മാതാവുമായ സെവൻ ആർട്സ് കോച്ചുമോന് പി.കെ. ഗോപിയെ പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ 1988-ൽ സെവൻ ആർട്സ് നിർമ്മിച്ച്, ഐ.വി. ശശി സംവിധാനം ചെയ്ത ‘മുക്തി’ എന്ന ചിത്രത്തിൽ ശ്യാമിന്റെ സംഗീതത്തിൽ ഗാനങ്ങൾ എഴുതിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് പ്രവേശിക്കുന്നത് . എന്നാൽ പിന്നീട് ആ ചിത്രത്തിൽ നിന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒഴിവാക്കപ്പെടുകയുണ്ടായി . അതിനാലാണ് കമലഹാസൻ നായകനായ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ എന്ന ചിത്രത്തിലെ ഗാനങ്ങൾ പി.കെ. ഗോപിയുടേതായി ആദ്യം പുറത്തുവരുന്നത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ജോൺസനുമായി പി. കെ. ഗോപി ഒന്നിച്ചപ്പോൾ ലഭിച്ച അനശ്വര ഗാനങ്ങളായിരുന്നു ‘നാരായം’ സിനിമയിലെ പാട്ടുകൾ. രാമനാമത്തിന്റെ പുണ്യം മലയാളി സിനിമാപ്പാട്ടുകളിലൂടെ അനുഭവിച്ചറിഞ്ഞ അപൂർവ്വം ഗാനങ്ങളിൽ ഒന്നുകൂടിയാണിത്.

രാത്രി പത്തു മണിയോടെയാണ് ജോൺസൺ ഈ ഗാനത്തിന്റെ താളം പി. കെ. ഗോപിയ്ക്കായി മൂളി നൽകുന്നത്. അടുത്ത ദിവസം രാവിലെ റെക്കോർഡിങ്ങുമാണ്. നേരം വെളുക്കുമ്പോഴേക്കും പാട്ട് തയ്യാറാകണം. തന്റെ ഉള്ളിൽ ആശങ്കകളുടെ കടൽ അപ്പോൾ ഇരച്ചു വന്നതായി പി. കെ. ഗോപി ഓർക്കുന്നു. ആ രാത്രി പിന്നെ ഉറങ്ങാതെ എഴുത്തായി. പാട്ടിനു പശ്ചാത്തലമായി ശ്രീരാമനെ പ്രതിഷ്ഠിക്കുന്നതും പി. കെ. ഗോപിയാണ്. എല്ലാം നേടിയ ശ്രീരാമനേക്കാൾ എല്ലാം അപരനു നൽകിയ ദശരഥനന്ദനനെ പാട്ടിലേയ്ക്ക് പി. കെ. ഗോപി ആവാഹിച്ചു. കുറഞ്ഞ സമയം കൊണ്ടെഴുതിയ പാട്ട്. താളത്തിനൊത്ത് പാട്ട് വരുമോ എന്ന ഭയത്തോടെ അടുത്ത ദിവസം രാവിലെ തന്നെ ജോൺസൺ മാഷിനു മുന്നിലെത്തി. വരികൾ വായിച്ചതോടെ ജോൺസൺ മാഷ് ആവേശത്തിലായി. ചേട്ടാ എന്നു വിളിക്കുമെങ്കിലും ജോൺസൺ മാഷ് സ്നേഹം കൂടിയതോടെ ഗോപിയണ്ണാ എന്നു നീട്ടി വിളിച്ചു. ഗോപിയണ്ണാ ഗംഭീര വരികൾ. ഏതു കാലത്തേക്കിനും വേണ്ടി നിങ്ങൾ ഒരു പാട്ട് രചിച്ചിരിക്കുന്നു. പല്ലവി വായിച്ചപ്പോൾ തന്നെ ജോൺസൺ മാഷ് എല്ലാം ശരിയെന്ന ഭാവത്തിൽ ആഹ്ലാദപരവശനായി. അപ്പോഴും മീറ്ററിനൊത്ത് പാട്ട് ശരിയാകുമോ എന്ന ഭയം, സ്റ്റുഡിയോയിലെത്തി അപഹാസ്യനാകേണ്ടി വരുമോ എന്ന ആശങ്കയും പി. കെ. ഗോപിയെ അലട്ടി. പിന്നീട് ജോൺസൺ മാഷ് പാടിയതോടെയാണ് തനിയ്ക്ക് ആശ്വാസമായതെന്നും പി. കെ. ഗോപി ഈ പാട്ടിനെ ഓർത്തു പറയുന്നു. ചിത്രയുടെ ശബ്ദം കൂടി ചേർന്നതോടെ അടുത്ത ഹിറ്റ് എന്ന് ജോൺസൺ മാഷ് റെക്കോർഡിങ്ങ് വേളയിൽ തന്നെ പറഞ്ഞത്രെ.

ശ്രീരാമ നാമം ജപസാര സാഗരം (2)
ശ്രീ പാദ പത്മം ജനി മോക്ഷദായകം
സരയൂ നദി പോൽ തിരയിടും ആത്മാവിൽ (ശ്രീരാമ നാമം..)

ഓം കാര ധ്വനിയായ് അനശ്വര പൊരുളായ്
രാമായണം സ്വരസാന്ദ്രമായ് (2)
കവിമുനിയോതിയോ വനമലർ കേട്ടുവോ
കിളിമകൾ പാടിയോ നിളയതു ചൊല്ലിയോ
സീതാകാവ്യം ശുഭകീർത്തനത്തിൽ ഉണരുകയായി (ശ്രീരാമ…)

നിർമാല്യ നിറവോടേ നിരുപമപ്രഭയോടെ
കാണാകണം അകതാരിതിൽ (2)
അമരകിരീടവും രജത രഥങ്ങളും
അപരനു നൽകിയ ദശരഥ നന്ദനാ
രാമ രാമ യുഗ സ്നേഹ മന്ത്രവരമരുളൂ

കതിരോലപ്പന്തലൊരുക്കി…

അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്ന ഏറ്റവും ജനപ്രിയമായ ഒരു ഗാനമാണ് താഴെ നൽകിയിരിക്കുന്നത്. നാടൻ ഈണവും കാവ്യഭംഗിയും ഒത്തുചേർന്ന ഈ വരികൾ മലയാളിയുടെ ഉത്സവക്കാഴ്ചകളുടെയും പ്രണയത്തിന്റെയും നേർച്ചിത്രമാണ്:

കതിരോലപ്പന്തലൊരുക്കി പടകാളി മുറ്റമൊരുക്കി മാളോര് വരവേൽക്കാനായി ഉടവാളിൻ തുമ്പത്ത് കുടമുല്ല പൂ വിരിയുന്നേ ഇടനെഞ്ചിലെ അങ്കപ്പാട്ടിന്റെ ഈണം നാടാകെ പാടാൻ വായോ (കതിരോല…)

വീരാളി പട്ടു ഞൊറിഞ്ഞത് മൂവന്തി ചെമ്മുകിലോ മുക്കുറ്റി ചാന്തു ചാർത്തും മോഹങ്ങളോ (2) ആലവട്ടങ്ങളും വെൺ ചാമരങ്ങളും (2) ആനയും അമ്പാരിയും കൊണ്ടു വായോ (2) [കതിരോല…]

ഏലേലം തോണിയടുത്തത് പൂക്കൈത തീരത്തോ ഉൾക്കണ്ണിൽ പ്രേമം പൂക്കും ഗ്രാമത്തിലോ (2) ചിത്തിരപ്പല്ലക്കിൽ മുത്തണി ശയ്യയിൽ (2) ആർപ്പും കുരവയുമായ് കൊണ്ടു പോകും (2) [കതിരോല…]

വാമൊഴി വഴക്കിൽ എണ്ണമറ്റ മാസ്മരിക പ്രയോഗങ്ങളിലൂടെ മലയാളിയെ അനുഭൂതിയുടെ മറ്റൊരു തലത്തിലേക്ക് ഈ ഗാനങ്ങൾ കൂട്ടിക്കൊണ്ടുപോയി . ലളിതവും എന്നാൽ അർത്ഥപൂർണ്ണവുമായ വരികളിലൂടെ അദ്ദേഹം പാട്ടെഴുത്തിന്റെ കവിത നഷ്‌ടപ്പെടാതെ കാത്തുസൂക്ഷിച്ചു .

പുരസ്കാരങ്ങളും അംഗീകാരങ്ങളും

മലയാള സാഹിത്യത്തിനും സംഗീതത്തിനും നൽകിയ സംഭാവനകളെ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

  • കവിതയ്ക്കുള്ള പുരസ്കാരങ്ങൾ: മുണ്ടശ്ശേരി സമ്മാനം, പാലാ സഹൃദയസമിതി അവാർഡ്, കുവൈറ്റ് മലയാളി സമാജം അവാർഡ്, മഹാകവി കുട്ടമത്ത് അവാർഡ്, പി. നരേന്ദ്രനാഥ് അവാർഡ്, ശക്തി അവാർഡ്, മൂടാടി ദാമോദരൻ അവാർഡ്, മഹാകവി വെണ്ണിക്കുളം അവാർഡ്, ഗায়ത്രി അവാർഡ്, സരസകവി മൂലൂർ അവാർഡ്, കോഴിശ്ശേരി ബാലരാമൻ സ്മാരക അവാർഡ്.
  • ഗാനരചനയ്ക്കുള്ള പുരസ്കാരങ്ങൾ: മലയാള ചലച്ചിത്രപരിഷത്ത് അവാർഡ്, നിസരി അവാർഡ്, നാനാ അവാർഡ്.

തന്റെ കവിതകളിലെയും ഗാനങ്ങളിലെയും ദാർശനിക ഭംഗി കൊണ്ടും, വിനയം തുളുമ്പുന്ന പെരുമാറ്റം കൊണ്ടും പി.കെ. ഗോപി മലയാളികളുടെ മനസ്സിൽ എന്നും ഓർക്കപ്പെടുന്ന ഒരു ജനപ്രിയ കവിയായി നിലകൊള്ളുന്നു.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button