FEATURE ARTICLE

ആർദ്ര മധുരമായ ഗാനാലാപനത്താൽ ആസ്വാദക ഹൃദയം കവർന്ന ഗായിക; സംഗീതവഴിയിലെ പ്രതിഭയായി എം.എസ് പത്മകുമാരി.

Sponsored

എസ്. രമേശ് ഓച്ചിറ

ർദ്ര മധുരമായ ഗാനാലാപനത്താൽ ആസ്വാദക ഹൃദയങ്ങളിൽ നിറസാന്നിദ്ധ്യമായി നിൽക്കുന്ന അനുഗൃഹീത ഗായികയാണ് ശ്രീക്കുട്ടി എന്ന എം.എസ് പത്മകുമാരി. ഏവൂർ തയ്യന്നൂർ ലക്ഷ്മിനാരായണ ക്ഷേത്രത്തിനുസമീപം തയ്യിൽ വീട്ടിൽ ശിവരാമൻ-തങ്കമണി ദമ്പതിമാരുടെ മകളായ ശ്രീക്കുട്ടി, വിവാഹത്തോടെയാണ് പുതുപ്പള്ളി ഗ്രാമത്തിന്റെ പ്രിയങ്കരിയായി മാറുന്നത്. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടം പള്ളിയമ്പിൽ ക്ഷേത്രത്തിനുസമീപം മണ്ണാറത്തറയിൽ ഓമനക്കുട്ടൻ ശ്രീക്കുട്ടിയെ വിവാഹം കഴിച്ചതോടെ ഈ ഗായിക പുതുപ്പള്ളി ഗ്രാമത്തിന് സ്വന്തമാവുകയായിരുന്നു. പത്മകുമാറും പത്മരാജുമാണ് ശ്രീക്കുട്ടിയുടെ സഹോദരങ്ങൾ.

പ്രതിഭ തെളിയിച്ച വിദ്യാലയ നാളുകൾ

ഏവൂർ ഗവ. എൽ.പി.എസ്, ഞക്കനാൽ ആലക്കോട്ട് യു.പി.എസ്, പത്തിയൂർ എസ്.കെ.വി.യു.പി.എസ്, പത്തിയൂർ പഞ്ചായത്ത് എച്ച്.എസ്, നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ് എന്നിവിടങ്ങളിലായിരുന്നു ശ്രീക്കുട്ടിയുടെ വിദ്യാഭ്യാസം. പത്തിയൂർ എസ്.കെ.വി.യു.പി. സ്കൂളിലെ സുധ ടീച്ചറിൽ നിന്നും കഥാപ്രസംഗകലയും പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിലെ ശ്രീദേവൻ സാറിൽ നിന്നും കർണാടക സംഗീതത്തിന്റെ ബാലപാഠവും കരസ്ഥമാക്കിയാണ് ഇവർ സംഗീതവഴിയിലേക്ക് ചുവടുവെക്കുന്നത്. സ്കൂൾ-കോളേജ് തലങ്ങളിൽ പാട്ട്, നൃത്തം, കഥാപ്രസംഗം, മോണോ ആക്ട് എന്നിവയിൽ നിരവധി സമ്മാനങ്ങൾ ഈ ഗായിക നേടിയിട്ടുണ്ട്.

Sponsored

ഗുരുക്കന്മാരുടെ അനുഗൃഹീത ശിഷ്യ

നങ്ങ്യാർകുളങ്ങര ടി.കെ.എം കോളേജിൽ പഠിച്ചുകൊണ്ടിരിക്കെ തിരുവനന്തപുരത്ത് ഒരു സംഗീത കോഴ്സിന് ചേരുവാൻ കഴിഞ്ഞത് ശ്രീക്കുട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായി. അവിടെവെച്ച് ഡോ. ഓമനക്കുട്ടി ടീച്ചർ (എം.ജി. ശ്രീകുമാറിന്റെ സഹോദരി), അരുന്ധതി ടീച്ചർ, കല്ലറ ഗോപൻ, ആലപ്പുഴ ശ്രീകുമാർ തുടങ്ങിയ അനുഗൃഹീത ഗായകരുടെ പ്രിയശിഷ്യയാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യവും അനുഗ്രഹവുമായാണ് ശ്രീക്കുട്ടി കാണുന്നത്. പിന്നീട് കായംകുളം കെ.പി.എ.സിയിൽ ഇഗ്നോ (IGNOU) കോഴ്സിൽ പങ്കെടുത്തതിലൂടെ കെ. രാഘവൻ മാസ്റ്റർ, വള്ളികുന്നം ചന്ദ്രശേഖരൻ, വർക്കല സി.എസ്. ജയറാം തുടങ്ങിയ അതുല്യ പ്രതിഭകളിൽ നിന്നും സംഗീതം അഭ്യസിക്കുവാൻ ഈ ഗായികയ്ക്ക് കഴിഞ്ഞു. നാലുവർഷത്തോളം കെ.പി.എ.സിയിൽ സംഗീതം പഠിച്ച ശ്രീക്കുട്ടി ഇപ്പോൾ കച്ചേരികളിൽ നിറസാന്നിദ്ധ്യമാണ്.

മറക്കാനാവാത്ത സുവർണ്ണ നിമിഷങ്ങൾ

കെ.പി.എ.സിയിലെ അരങ്ങേറ്റ സമയത്ത് “കൃഷ്ണാ നീ ബേഗനേ” എന്നുതുടങ്ങുന്ന കീർത്തനം ചൊല്ലിയപ്പോൾ പ്രസിദ്ധ സംഗീതജ്ഞനായ നെയ്യാറ്റിൻകര വാസുദേവൻ സ്റ്റേജിൽ വന്ന് അഭിനന്ദിച്ചത് ഈ ഗായികയ്ക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ്. അന്ന് സംഗീത കച്ചേരി അവതരിപ്പിക്കുന്നതിനിടയിൽ ആരോ ഒരാൾ നെയ്യാറ്റിൻകര വാസുദേവനോട് ഈ കീർത്തനം ഒന്നാലപിക്കാമോ എന്ന് ചോദിച്ചപ്പോൾ, സദസ്സിലിരുന്ന ശ്രീക്കുട്ടിയെ നോക്കിക്കൊണ്ട് “ആ കീർത്തനം വളരെ മനോഹരമായി പാടി തകർത്ത കുട്ടിയുടെ മുന്നിൽ ഞാൻ പാടണോ” എന്ന് അദ്ദേഹം പറഞ്ഞത് വലിയൊരു അവാർഡായിട്ടാണ് ശ്രീക്കുട്ടി കാണുന്നത്. ഒരിക്കലും മറക്കുവാൻ കഴിയാത്ത ആ സുവർണ്ണ നിമിഷങ്ങൾ ചിപ്പിയ്ക്കുള്ളിലെ മുത്തുകൾ എന്നതുപോലെ ഈ ഗായിക ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.

ബാല്യകാലത്ത് ചെറിയ പത്തിയൂർ അമ്പലത്തിൽ ഭജൻസ് അവതരിപ്പിച്ചപ്പോൾ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് വേദിയിൽ എത്തി നോട്ടുമാല തന്റെ കഴുത്തിലണിയിച്ചതും മധുരമുള്ള ഒരു ഓർമ്മയായി ശ്രീക്കുട്ടി ഹൃദയത്തിൽ സൂക്ഷിക്കുന്നു. പ്രശസ്ത ഗായിക കെ.എസ്. ചിത്രയുമായും നല്ലൊരു ആത്മസൗഹൃദം കാത്തുസൂക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വാതിതിരുന്നാൾ സംഗീത കോളേജിൽ പഠിക്കണം എന്ന മോഹം എന്തുകൊണ്ടോ സഫലമാകാതെ പോയത് വലിയൊരു വേദനയായി ഇന്നും അവശേഷിക്കുമ്പോഴും, എന്നെങ്കിലും ഒരിക്കൽ സിനിമയിൽ ഒരു വരിയെങ്കിലും പാടണം എന്നാണ് ചൂനാട് ന്യൂജെൻ പബ്ലിക് സ്കൂളിലെ മുൻ സംഗീത അധ്യാപിക കൂടിയായ ഈ സർഗ്ഗപ്രതിഭയുടെ ആഗ്രഹം.

പ്രൊഫഷണൽ രംഗവും ആൽബങ്ങളും

2003-ൽ കൈരളി ചാനലിലെ ഗന്ധർവ്വ സംഗീതം പരിപാടിയിലും 2004-ൽ ഏഷ്യാനെറ്റിലെ സുപ്രഭാതം പരിപാടിയിലും പങ്കെടുക്കാൻ ഇവർക്ക് അവസരം ലഭിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ പാടിയിട്ടുള്ള ഈ ഗായിക ചെമ്പൈ സംഗീതോത്സവത്തിലും ദക്ഷിണാമൂർത്തി സംഗീതോത്സവത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ബ്യൂട്ടീഷ്യനും, ലാബ് ടെക്നീഷ്യനും, തയ്യൽക്കാരിയും, ഫാഷൻ ഡിസൈനറുമൊക്കെയായി തിളങ്ങുന്ന ശ്രീക്കുട്ടി, എരുവ രവീസ് റെക്കോർഡിംഗ് സെന്ററിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ശ്രുതി ഓർക്കസ്ട്രയുടെ ഗാനമേളയിലൂടെയാണ് പ്രൊഫഷണൽ രംഗത്തേക്ക് കടക്കുന്നത്.

അഫ്സൽ, മഞ്ജരി എന്നീ പ്രശസ്ത ഗായകർക്കൊപ്പം പാടിയിട്ടുള്ള ശ്രീക്കുട്ടി നിരവധി ആൽബങ്ങളിൽ ശബ്ദമായിട്ടുണ്ട്. ഗായകനും ലാബ് ടെക്നീഷ്യനുമായ ഭർത്താവ് ഓമനക്കുട്ടന്റെ പ്രോത്സാഹനമാണ് ഈ ഗായികയ്ക്ക് കൂടുതൽ കരുത്തേകുന്നത്. ഭർത്താവിനോടൊപ്പം ചേർന്ന് ചെട്ടികുളങ്ങര ക്ഷേത്രം, പുതുപ്പള്ളി പടിഞ്ഞാറ്റതിൽ ക്ഷേത്രം, ഗോവിന്ദമുട്ടം ശ്രീധർമ്മശാസ്താക്ഷേത്രം, ഏവൂർ തയ്യന്നൂർ ലക്ഷ്മി നാരായണ ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളെ കുറിച്ചുള്ള ഭക്തിഗാന കാസറ്റുകളും ഇവർ പുറത്തിറക്കിയിട്ടുണ്ട്.

സംഗീത സപര്യയുടെ പുതിയ വഴികൾ

‘സംഗീത സന്ധ്യ’ എന്ന പേരിൽ ഗാനാലാപനം നടത്തുന്ന ശ്രീക്കുട്ടി ‘ആര്യ ക്രിയേഷൻസ് പുതുപ്പള്ളി’ എന്ന പേരിൽ ഒരു ഡി.വി.ഡി ഗാനനിർമ്മാണ യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ‘സ്കൈലാർക്ക് ഓർക്കസ്ട്ര’ എന്ന ഗാനമേള ട്രൂപ്പും ‘ഗൗരി ശങ്കരം ഭജൻസും’ ഈ ദമ്പതികളുടെ നേതൃത്വത്തിൽ വിജയകരമായി മുന്നോട്ട് പോകുന്നു. കലാമണ്ഡലം കൃഷ്ണ പ്രസാദിന്റെ ശിക്ഷണത്തിൽ കഥകളി അഭ്യസിക്കുന്ന ഇവരുടെ ഏക മകൾ ആര്യ കൃഷ്ണ ചേർത്തലയിൽ ബി.എസ്.സി (BSc) ബയോടെക്നോളജി വിദ്യാർത്ഥിനിയാണ്. തകർന്നു പോകുന്ന നിരവധി പ്രതിസന്ധികൾ ജീവിതത്തിൽ ഉണ്ടായിട്ടും തളരാതെ അതിനെയെല്ലാം തരണം ചെയ്ത്, ഈ അനുഗൃഹീത ഗായിക തന്റെ സംഗീത സപര്യ ഇന്നും വിജയകരമായി തുടരുകയാണ്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button