എ.ഐ വ്യാജ ദൃശ്യങ്ങളിലൂടെ മുഖ്യമന്ത്രിയെ ട്രോളി സോഷ്യൽ മീഡിയ; വി.ഡി. സതീശന്റെ ‘നൃത്തം’ വൈറൽ.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന പ്രഖ്യാപിക്കാത്ത വൈദുതി നിയന്ത്രണങ്ങൾക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശനെയും വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെയും പരിഹസിച്ചുകൊണ്ടുള്ള എ.ഐ (Artificial Intelligence) ട്രോൾ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തമിഴ് ചിത്രം ‘ജയിലർ 2’-ലെ ട്രെൻഡിംഗ് ഗാനമായ ‘അലാ ബോലെലോ’യ്ക്ക് കെ.എസ്.ഇ.ബി ജീവനക്കാർക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ ചുവടുവെക്കുന്ന തരത്തിലുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
തൃശ്ശൂർ സ്വദേശികളായ അഭിജിത്ത് കെ.എസ്, അഖിൽ നെല്ലിക്കൽ എന്നിവർ തങ്ങളുടെ ‘എ.ഐ കവല’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ട വീഡിയോ വെറും രണ്ട് ദിവസം കൊണ്ട് 1.7 കോടിയിലധികം പേരാണ് കണ്ടത്. ഇതിന് പുറമെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനൊപ്പം ‘അപ്പടി പോട്’ എന്ന പാട്ടിന് മുഖ്യമന്ത്രി നൃത്തം ചെയ്യുന്ന മറ്റു എ.ഐ വീഡിയോകളും പ്രചരിക്കുന്നുണ്ട്. സിനിമാ താരങ്ങളെ വെല്ലുന്ന നൃത്തച്ചുവടുകളാണ് തന്റേതെന്നായിരുന്നു ശനിയാഴ്ച കൊച്ചിയിലെ പൊതുപരിപാടിയിൽ വി.ഡി. സതീശൻ തമാശരൂപേണ പ്രതികരിച്ചത്.
വൈദ്യുതി മുടങ്ങുന്നതിനെതിരെ പ്രതിപക്ഷം ‘പൂക്കി കട്ട്’, ‘ഇന്ദിരാ കട്ട്’ എന്നീ പേരുകളിൽ പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ എ.ഐ പരിഹാസ വീഡിയോകൾ നിറയുന്നത്. അതേസമയം, മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി തടസ്സങ്ങൾക്കെതിരെ വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തലയും മുമ്പ് പങ്കുവെച്ച പഴയ പോസ്റ്റുകൾക്ക് താഴെയും നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തുന്നുണ്ട്.
For more details: The Indian Messenger



