ദഹ്റാനിലെ അരാംകോ കെട്ടിടത്തിന് നേരെ ആക്രമണം; ആളപായമില്ല, മിസൈലുകളും ഡ്രോണുകളും സൗദി തകർത്തു.

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ദഹ്റാനിൽ സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ചൊവ്വാഴ്ച വൈകുന്നേരം ആക്രമണുണ്ടായതായും, ചെറിയ രീതിയിൽ തീപിടുത്തമുണ്ടായെങ്കിലും ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഊർജ്ജ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.
ഒക്ടോബർ 13-ന് ദഹ്റാനിലുള്ള സൗദി അരാംകോയുടെ ഭരണനിർവ്വഹണ കെട്ടിടം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ചെറിയ തോതിൽ തീപിടുത്തമുണ്ടായതായി വക്താവ് സ്ഥിരീകരിച്ചു.
ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ സ്ഥലത്തെത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും സ്ഥിരീകരിച്ചു.
ഇതിന് പുറമെ, ദഹ്റാൻ ലക്ഷ്യമാക്കി ഹൂതി മിലിഷ്യ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തങ്ങളുടെ വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തതായി യമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്ന അറബ് സഖ്യസേന അറിയിച്ചു.
തടഞ്ഞുനിർത്തിയ മിസൈലിന്റെ അവശിഷ്ടങ്ങൾ ദഹ്റാനിലെ ഒരു ജനവാസ മേഖലയിലാണ് പതിച്ചതെന്നും അധികാരികൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.
അൽ-അഹ്സ ഗവർണറേറ്റിലെ ഹറദ് സെന്റർ ലക്ഷ്യമിട്ടെത്തിയ മറ്റൊരു ബാലിസ്റ്റിക് മിസൈലും റിയാദിന് വടക്ക് ഭാഗത്ത് വെച്ച് മൂന്ന് ഡ്രോണുകളും തടഞ്ഞു തകർത്തതായും സഖ്യസേന വ്യക്തമാക്കി.
For more details: The Indian Messenger



