GULF & FOREIGN NEWSINDIA NEWSQATARTOP NEWS

ഖത്തർ കെ.എം.സി.സി ഓഫീസിൽ 8 കോടി രൂപയുടെ കവർച്ച: ബി.ജെ.പി നേതാവ് ബാലകൃഷ്ണൻ പോലീസിൽ കീഴടങ്ങി.

Sponsored

ഖത്തറിലെ കെ.എം.സി.സി ഓഫീസിൽ നിന്ന് എട്ട് കോടിയിലേറെ രൂപ കവർന്ന കേസിൽ ബി.ജെ.പി നേതാവ് പരപ്പിൽ ബാലകൃഷ്ണൻ പൊലീസിൽ കീഴടങ്ങി. കൊയിലാണ്ടി സ്വദേശിയായ ബാലകൃഷ്ണൻ കൊയിലാണ്ടി പൊലീസിലാണ് കീഴടങ്ങിയത്. കേസിൽ ആകെ ആറുപേരാണ് പ്രതികൾ. 2025 സെപ്റ്റംബർ 18-ന് ഖത്തറിലെ അൽ തുമാമയിലുള്ള കെ.എം.സി.സി ഓഫീസിലാണ് കവർച്ച നടന്നത്.

ഓഫീസിലുണ്ടായിരുന്ന റൂം ബോയിയുടെ കൈകാലുകൾ കെട്ടിയിട്ട ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ് റൂം തകർത്താണ് പണം കവർന്നതെന്നാണ് പരാതി. 31 ലക്ഷം ഖത്തർ റിയാൽ (ഏകദേശം 8.06 കോടി ഇന്ത്യൻ രൂപ) കവർച്ച ചെയ്യപ്പെട്ടതായാണ് റിപ്പോർട്ട്. നാട്ടിൽ വെൽഡിങ് തൊഴിലാളിയായിരുന്ന ബാലകൃഷ്ണൻ 2025 സെപ്റ്റംബറിലാണ് ഖത്തറിലെത്തിയത്. ജോലി വാഗ്ദാനം ചെയ്താണ് തന്നെ വഞ്ചിച്ചതെന്നാണ് ബാലകൃഷ്ണൻ പറയുന്നത്. ഖത്തറിലെ ഒരു ഓഫീസിന്റെ സ്ട്രോങ് റൂമിന് തകരാറുണ്ടെന്നും അത് ശരിയാക്കണമെന്നും പറഞ്ഞ് തന്നെ കൊണ്ടുപോയതായും, ഇതിനായി പത്തുലക്ഷം രൂപ ഓഫർ ചെയ്തതായും ഇയാൾ വെളിപ്പെടുത്തി.

കവർച്ചാ ശ്രമമാണെന്ന് മനസ്സിലായതോടെ താൻ ശ്രമം ഉപേക്ഷിച്ചെന്നും എന്നാൽ പിന്നീട് സംഘം തന്നെ പിന്തുടർന്നെന്നും ബാലകൃഷ്ണൻ പറയുന്നു. കവർച്ചയ്ക്കുശേഷം സംഘം ഖത്തറിൽ നിന്ന് കടന്നുകളഞ്ഞു. 50,000 രൂപയാണ് ബാലകൃഷ്ണന് ലഭിച്ചതെന്നാണ് വിവരം. നാട്ടിലെത്തിയതിനുശേഷം കടുത്ത മാനസിക സംഘർഷത്തിലായിരുന്ന ഇയാൾ മുസ്ലിം ലീഗ് അംഗത്വമെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെയാണ് ബി.ജെ.പിയിൽ ചേർന്നത്.

Sponsored

കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. ‘പോകാൻ തയ്യാറായി നിൽക്കണം, വിസയും ടിക്കറ്റുമെല്ലാം റെഡിയായതിനുശേഷം വിളിക്കും’ എന്നാണ് സംഘം തന്നോട് പറഞ്ഞതെന്ന് ബാലകൃഷ്ണൻ വെളിപ്പെടുത്തി. രാഷി, സായി ബാബ എന്നിവർക്കൊപ്പം ഖത്തറിൽ പോയതായും അവിടെ ഷാജിയും എത്തിയതായും ഇയാൾ പറഞ്ഞു. അവിടെ ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നതെന്നും കവർച്ചയെക്കുറിച്ച് മുൻകൂട്ടി അറിയില്ലായിരുന്നുവെന്നും ബാലകൃഷ്ണൻ വ്യക്തമാക്കി.

കെ.എം.സി.സി ഖത്തർ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബർ 15-നാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ബോംബെ ഷാജി, റാഷി പയ്യോളി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button