ഗവർണറുടെ ഭക്ഷണക്രമ വിവാദത്തിൽ കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ: ‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?

തിരുവനന്തപുരം: ലോക്ഭവനിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം മതിയെന്ന ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ തീരുമാനത്തെ എതിർക്കുന്ന കോൺഗ്രസിന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഗവർണറുടെ വ്യക്തിപരമായ ഭക്ഷണശീലങ്ങളെ മുൻനിർത്തി വിവാദങ്ങൾ സൃഷ്ടിക്കുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രം മാത്രമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഒരു വീട്ടിൽ എന്ത് ഭക്ഷണം വിളമ്പണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ വീട്ടിലെ താമസക്കാരനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളത്തിന്റെ ഗവർണർ താമസിക്കുന്ന രാജ്ഭവനിൽ (ലോക്ഭവനിൽ) ഗവർണ്ണരുടെ അടുക്കളയിൽ അദ്ദേഹത്തിന്റെ സംസ്കാരത്തിനും താൽപ്പര്യങ്ങൾക്കും അനുസരിച്ചുള്ള ഭക്ഷണം തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിന് മാത്രമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. “ഒരു മലയാളി മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി കഴിക്കാൻ ചോദിക്കുമോ ഈ കോൺഗ്രസുകാർ?” എന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
വി.ഡി. സതീശൻ സർക്കാരിന്റെ 150 ദിവസങ്ങൾ പിന്നിടുമ്പോൾ “എന്തു കിട്ടി?” എന്ന ചോദ്യമാണ് ജനങ്ങൾ ചോദിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘പുതുയുഗ കേരളം’ എന്ന വാഗ്ദാനത്തിന് എന്തു സംഭവിച്ചു എന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖർ, കേരളത്തിലെ യുവജനങ്ങളുടെ ദുരിതങ്ങളെക്കുറിച്ചോ മരുന്ന് ലഭ്യമല്ലാത്തത് കാരണം കഷ്ടപ്പെടുന്ന കുടുംബങ്ങളെക്കുറിച്ചോ ചർച്ച ചെയ്യാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും ആരോപിച്ചു.
For more details: The Indian Messenger



