സർക്കാർ ആയുർവേദ ആശുപത്രികളുടെ നിലവാരം ഉയർത്തും: മന്ത്രി കെ. മുരളീധരൻ.

സംസ്ഥാനത്തെ സർക്കാർ ആയുർവേദ ആശുപത്രികളെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമെന്നും തെറാപ്പിസ്റ്റുകളുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ, ആയുഷ്, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. 11-ാമത് ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നന്തൻകോട് സ്വരാജ് ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുർവേദത്തിന് ഇന്ത്യയിൽ തന്നെ ഏറെ പ്രധാന്യം ലഭിച്ച സംസ്ഥാനമാണ് കേരളം. അലോപ്പതി പോലെ സർക്കാർ ആയുർവേദ ആശുപത്രികളെയും കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ നയം. നിലവിൽ കിടത്തി ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ സ്വകാര്യ മേഖലയെ അപേക്ഷിച്ച് സർക്കാർ മേഖലയിൽ കുറവാണെന്ന പരിമിതി പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച്, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുഴുവൻ ആളുകൾക്കും ഹൃദയാഘാത നിർണയത്തിനുള്ള ‘ട്രോപ് ടി’ പരിശോധന പൂർണമായും സൗജന്യമാക്കിയതായും മന്ത്രി അറിയിച്ചു.
ചടങ്ങിൽ മെഗാ സ്‌ക്രീനിംഗ് മെഡിക്കൽ ക്യാമ്പുകളുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിർവഹിച്ചു. വിദേശരാജ്യങ്ങൾ അവരുടെ പരമ്പരാഗത ചികിത്സാരീതികളുടെ വിപണന സാധ്യത ഉപയോഗപ്പെടുത്തുന്നതുപോലെ, കേരളത്തിലെ ആയുർവേദമേഖലയും വിപണന സാധ്യതകളിലേക്ക് വളരണമെന്ന് അദ്ദേഹം പറഞ്ഞു.
For more details: The Indian Messenger



