72 ക്യാൻസർ മരുന്നുകൾക്ക് വൻ വിലക്കുറവ്; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ച് എൻ.പി.പി.എ, നവംബർ 9 മുതൽ പ്രാബല്യത്തിൽ.

ന്യൂഡൽഹി: ദേശീയ അവശ്യ മരുന്ന് വില നിയന്ത്രണ പട്ടികയിൽ പെടാത്ത (നോൺ-ഷെഡ്യൂൾഡ്) 137 ജനറിക്, ബയോസിമിലർ ക്യാൻസർ മരുന്നുകളുടെ (643 ബ്രാൻഡുകൾ) വില പുതുക്കി നിശ്ചയിച്ചു. ഇതുപ്രകാരം 72 ക്യാൻസർ മരുന്നുകൾക്ക് വലിയ തോതിൽ വില കുറയും. പുതുക്കിയ ചില്ലറ വിൽപ്പന വില (എം.ആർ.പി) ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റി (NPPA) പ്രസിദ്ധീകരിച്ചു. നോൺ-ഷെഡ്യൂൾഡ് ക്യാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ, എം.ആർ.പി-യുടെ 30 ശതമാനമായി പരിമിതപ്പെടുത്തിയ കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് എൻ.പി.പി.എ-യുടെ ഈ നടപടി. പുതിയ നിരക്കുകൾ നവംബർ 9 മുതൽ പ്രാബല്യത്തിൽ വരും.
വില കുറച്ച 72 മരുന്നുകളുടെ നിരക്കിൽ 93 ശതമാനം വരെ ഇളവുണ്ടാകും. എന്നാൽ, ഉയർന്ന വിലയുള്ളതും ഒറ്റ നിർമ്മാതാവ് മാത്രമുള്ളതുമായ പേറ്റന്റുള്ള 65 പ്രധാന മരുന്നുകളുടെ നിരക്കിൽ മാറ്റമില്ലാത്തത് രോഗികൾക്ക് തിരിച്ചടിയാണ്. വിവിധ ബ്രാൻഡുകൾ തമ്മിൽ വലിയ വിലവ്യത്യാസമുണ്ടായിരുന്ന ജനറിക്, ബയോസിമിലർ മരുന്നുകൾക്കാണ് വൻ വിലക്കുറവ് ലഭിച്ചത്. ഉദാഹരണത്തിന്, സ്തനാർബുദ ചികിത്സയ്ക്കുള്ള ‘പാൽബാപ്രോ’ (Palbapro) എന്ന ബ്രാൻഡിന്റെ 125 മില്ലിഗ്രാമിന്റെ 21 ഗുളികകളുള്ള പാക്കറ്റിന് മുൻപുണ്ടായിരുന്ന 40,421 രൂപയിൽ നിന്ന് 2,720 രൂപയായി വില കുറഞ്ഞു.
പ്രോസ്റ്റേറ്റ് ക്യാൻസറിനുള്ള ‘അബിറാലൈവ്’ (Abiralive – 250 എം.ജി, 120 ഗുളികകൾ) എന്ന മരുന്നിന് 28,000 രൂപയിൽ നിന്ന് 4,840 രൂപയായും, സ്തനാർബുദത്തിനുള്ള ‘വോമസോൾ’ (Vomasol) 10 ഗുളികകളുടെ വില 458 രൂപയിൽ നിന്ന് 39.52 രൂപയായും കുറഞ്ഞിട്ടുണ്ട്.
വിലയിൽ ഇളവില്ലാത്ത മരുന്നുകൾ അതേസമയം, പേറ്റന്റുള്ള 65 പ്രധാന മരുന്നുകളുടെ വില മാറ്റമില്ലാതെ തുടരും. ക്യാൻസർ പ്രതിരോധത്തിനുള്ള പ്രധാന ഇമ്മ്യൂണോതെറാപ്പി മരുന്നായ ‘കീട്രൂഡ’യുടെ (Keytruda) വില 100 മില്ലിഗ്രാമിന്റെ ഒരു വയലിന് 2,16,500 രൂപയായി തന്നെ തുടരും. മറ്റൊരു ഇമ്മ്യൂണോതെറാപ്പി മരുന്നായ ‘ജെമ്പർലി’ (Jemperli – 10 മില്ലിലിറ്റർ വയലിന് 1,90,691 രൂപ), ‘ഇംഫിൻസി’ (Imfinzi – 10 മില്ലിലിറ്റർ വയലിന് 1,71,324 രൂപ), ശ്വാസകോശ അർബുദത്തിനെതിരെയുള്ള ‘ടാഗ്രിസോ’ (Tagrisso – 80 എം.ജി, 10 ഗുളികയ്ക്ക് 1,38,830 രൂപ), ‘അലെസെൻസ’ (Alecensa – 150 മില്ലിഗ്രാമിന്റെ 224 ഗുളികകൾക്ക് 4,30,696 രൂപ) എന്നിവയുടെ നിരക്കുകളിലും മാറ്റമില്ല.
For more details: The Indian Messenger



