‘U/A’ സർട്ടിഫിക്കറ്റോടെ ‘ടൈറ്റാൻസ്’ ഒക്ടോബർ 22-ന് തിയേറ്ററുകളിലേക്ക്; ജയസൂര്യയും വിനായകനും ഒന്നിക്കുന്നു.

പൂർണ്ണമായും ഫന്റാസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റാൻസ്’ എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു. ‘U/A’ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട ഈ ചിത്രം ചലച്ചിത്ര രംഗത്ത് ഇന്ന് ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്. ‘നേരമ്പോക്ക്’ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി.എസ്. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

അഭിനയരംഗത്ത് തനതായ ശൈലികളിലൂടെ പ്രേക്ഷകർക്കിടയിൽ സ്വാധീനം നേടിയ രണ്ട് അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും. ഇരുവരും ഒരുമിച്ചെത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആ പ്രതീക്ഷകൾക്കൊത്ത് തന്നെ ചിത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ പ്രിൻസ് ജോയ് ശ്രമിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളിൽ നിന്ന് വ്യക്തമാകുന്നത്. അഭിനേതാക്കളുടെ അവതരണത്തിൽ പ്രേക്ഷകരുടെ മുൻവിധി ധാരണകളെ തകിടം മറിക്കുന്നതായിരിക്കും ഇതിലെ കഥാപാത്രങ്ങളുടെ പ്രകടനം.
ജയസൂര്യ, വിനായകൻ എന്നിവർക്ക് പുറമേ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, പ്രശസ്ത റാപ്പ് ഗായകൻ ബേബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വലിയ മുതൽമുടക്കിൽ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
ചിത്രത്തിന്റെ തിരക്കഥ ജയിംസ് സെബാസ്റ്റ്യനും സംഗീതം ഷാൻ റഹ്മാനും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം: വിഷ്ണുശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ: അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം: മഹേഷ് പിറവം, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ: ഫീനിക്സ് പ്രഭു, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സുഹൈബ് എസ്.ബി.കെ., പ്രൊഡക്ഷൻ മാനേജർ: നജീർ നസീം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. മാജിക് ഫ്രെയിംസ് റിലീസ് ഈ ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു. വാർത്ത: വാഴൂർ ജോസ്.
For more details: The Indian Messenger



