
തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ പ്രധാന വഴിത്തിരിവ്. കേസിൽ ഉൾപ്പെട്ട അന്തർസംസ്ഥാന ഇടനിലക്കാരി തമിഴ്നാട് സ്വദേശിനി ബേസിൽ വാണി പോലീസിന്റെ പിടിയിലായി. ഒളിവിലായിരുന്ന ഇവരെ ബെംഗളൂരുവിൽ നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ അറസ്റ്റിലായി നിലവിൽ ജയിലിൽ കഴിയുന്ന സജിത്ത്, നിഷാന്ത് എന്നിവർക്ക് ആന്ധ്രാപ്രദേശ് സ്വദേശിയായ 16-കാരിയുടെ കുടുംബത്തെ പരിചയപ്പെടുത്തിക്കൊടുത്തത് ബേസിൽ വാണിയാണെന്ന് പോലീസ് വ്യക്തമാക്കി.
അന്തർസംസ്ഥാന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ബേസിൽ വാണിയെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത്തരത്തിൽ കൂടുതൽ പെൺകുട്ടികളെ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തമിഴ്നാട്ടിലെ വിവിധ സ്പാകളിലും എത്തിച്ചിരുന്നതായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ, ഇതിൽ വാണിക്ക് പങ്കുണ്ടോയെന്നും പരിശോധിച്ചു വരുന്നു.
അതിനിടെ, പീഡനം നടന്ന മൂന്ന് സ്പാകളുടെയും യഥാർത്ഥ നടത്തിപ്പുകാരി അറസ്റ്റിലായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. സി. മായയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ നേരത്തെ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ ബിനാമിയാണ് മായയെന്നും പോലീസ് പറഞ്ഞു. രണ്ട് വർഷം മുൻപാണ് മായയെ ഇയാൾ ഈ ബിസിനസ്സിലേക്ക് കൊണ്ടുവന്നത്. സ്പാകളിൽ നിന്നുള്ള ദിവസേനയുള്ള വരുമാനം ആദ്യം മായയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്; തുടർന്ന് ഈ തുക അനുരൂപിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു പതിവ്.
കേസിലെ പ്രധാന പ്രതികളായ അനുരൂപ്, നിഷാന്ത് എന്നിവരുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്ത് പരിശോധിച്ചു. ഇതിൽ മായയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ വ്യക്തമായ രേഖകളും കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ ഇളയമ്മയുൾപ്പെടെയുള്ളവരുമായി മായ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും തെളിഞ്ഞു. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ മായ കുറ്റം സമ്മതിക്കുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ ഇളയമ്മയുടെ സുഹൃത്താണ് വാണിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതോടെ കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി ഉയർന്നു.
For more details: The Indian Messenger



