ഗാന്ധിജയന്തി ദിനത്തിൽ ഇൻകാസ് ഖത്തറിന്റെ രക്തദാന ക്യാംപ്; 150 പേർ രക്തം നൽകി.

ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാംപിൽ വൻ പങ്കാളിത്തം. ഇൻകാസ് ഖത്തറിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-നാണ് ക്യാംപ് സംഘടിപ്പിച്ചത്.
ഹമദ് മെഡിക്കൽ സിറ്റിയിലെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ക്യാംപിൽ ഏകദേശം 150 പേർ രക്തം ദാനം ചെയ്തു. കൂടാതെ 25ഓളം പേർ പ്ലേറ്റ്ലെറ്റ് ദാനവും നടത്തി. രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ക്യാംപ്.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ ക്യാംപ് ഉദ്ഘാടനം ചെയ്തു. ഇൻകാസ് ആക്ടിങ് പ്രസിഡന്റ് വി.എസ്. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതം പറഞ്ഞു.
ഐസിബിഎഫ് ഉപദേശക സമിതി ചെയർമാൻ കെ.എസ്. പ്രസാദ്, ഇൻകാസ് രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുഹമ്മദ് ഷാനവാസ് എന്നിവർ സംസാരിച്ചു. ക്യാംപ് കോർഡിനേറ്റർ ജിഷ ജോർജ് നന്ദി അറിയിച്ചു.
ഐസിസി, ഐസിബിഎഫ്, ഐബിപിസി, ഐഎസ്സി തുടങ്ങിയ വിവിധ സംഘടനകളുടെ ഭാരവാഹികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും ക്യാംപിൽ പങ്കെടുത്തു.
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി, വിവിധ ജില്ലാ കമ്മിറ്റികൾ, ലേഡീസ് വിങ്, യൂത്ത് വിങ് പ്രവർത്തകർ എന്നിവർ ക്യാംപിന്റെ സംഘാടനത്തിന് നേതൃത്വം നൽകി.
ഗാന്ധിജയന്തിയുടെ ഭാഗമായി മനുഷ്യസ്നേഹവും സഹജീവികളോടുള്ള കരുതലും ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനമായാണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.
For more details: The Indian Messenger



