തീരദേശ സുരക്ഷ ശക്തമാക്കാൻ കുവൈത്തും ബഹ്‌റൈനും; സാങ്കേതിക വിദ്യകളും വിവരങ്ങളും പങ്കുവെക്കാൻ ധാരണ.

തീരദേശ സുരക്ഷ ശക്തമാക്കുന്നതിനും സാങ്കേതിക-പ്രവർത്തന രംഗങ്ങളിലെ അനുഭവ സമ്പത്ത് പരസ്പരം പങ്കുവെക്കുന്നതിനുമുള്ള വഴികൾ കുവൈത്തും ബഹ്‌റൈനും ചർച്ച ചെയ്തു. ആധുനിക സർവൈലൻസ് സംവിധാനങ്ങളിലും സമുദ്ര നിരീക്ഷണ പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ.
കുവൈത്ത് ഒന്നാം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ്, കുവൈത്തിലെത്തിയ ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് കമാൻഡർ ബ്രിഗേഡിയർ അബ്ദുൽറഹ്മാൻ അൽ-റുവൈയിയുമായി മന്ത്രാലയ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതായി ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ-സബാഹും യോഗത്തിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളുടെയും സമുദ്രസുരക്ഷാ ശേഷിയും പ്രവർത്തന സജ്ജതയും വർദ്ധിപ്പിക്കുന്നതിനായി നിരീക്ഷണ സംവിധാനങ്ങളിലെ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, റഡാർ കണക്റ്റിവിറ്റി, മാരിടൈം ഓപ്പറേഷൻസ് എന്നിവയിലാണ് പ്രധാനമായും ചർച്ചകൾ നടന്നത്. കുവൈത്തും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരവും സഹോദരാത്മകവുമായ ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്, ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ആത്മബന്ധവും സുരക്ഷാ സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കാനുള്ള പ്രതിബദ്ധതയും എടുപ്പിച്ചുപറഞ്ഞു.
For more details: The Indian Messenger



