മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോധവൽക്കരണ ഓഫീസ് തുറന്ന് എൻ.സി.സി.എച്ച്.ടി; തൊഴിലാളികൾക്ക് അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കും.

മസ്കറ്റ്: ഒമാനിലേക്ക് എത്തുന്ന വിദേശ തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാൻ സൗകര്യമൊരുക്കുന്നതിനുമായി മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എറൈവൽസ് (Arrivals) വിഭാഗത്തിൽ മണവക്കടത്ത് വിരുദ്ധ ദേശീയ സമിതി (NCCHT) പുതിയ ബോധവൽക്കരണ ഓഫീസ് തുറന്നു.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് വിപുലമായ ബോധവൽക്കരണം നടത്തുന്നതിനും, മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിനും, രാജ്യത്തേക്ക് എത്തുന്ന തൊഴിലാളികൾക്ക് നേരിട്ട് മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമുള്ള എൻ.സി.സി.എച്ച്.ടിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്.
രണ്ട് ഘട്ടങ്ങളായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ, 13 ഭാഷകളിൽ ലഭ്യമാകുന്ന എൻ.സി.സി.എച്ച്.ടിയുടെ വെബ്സൈറ്റിനായി പ്രത്യേകം തയ്യാറാക്കിയ ഡിജിറ്റൽ സ്ക്രീൻ സ്ഥാപിക്കും. ഒമാനിലെ തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങളും ബോധവൽക്കരണ സാമഗ്രികളും, വിവിധ രാജ്യങ്ങളുടെ എംബസി ഫോൺ നമ്പറുകളും, സമിതിയുടെ ഹെൽപ്പ് ലൈൻ നമ്പറും ഈ സ്ക്രീനിൽ പ്രദർശിപ്പിക്കും. ഇത് തൊഴിലാളികൾക്ക് ആവശ്യമായ വിവരങ്ങൾ വേഗത്തിൽ ലഭിക്കാൻ സഹായിക്കും. രണ്ടാം ഘട്ടത്തിൽ, തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഒരു ജീവനക്കാരനെ ഓഫീസിൽ നിയോഗിക്കും. ഈ ഉദ്യോഗസ്ഥൻ എത്തുന്ന തൊഴിലാളികളോട് നേരിട്ട് സംസാരിക്കുകയും തൊഴിലുടമയുടെ പേര്, സമ്മതിച്ച ശമ്പളം എന്നിവയുൾപ്പെടെ ഒമാനിലെ അവരുടെ ജോലിയുമായി ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യും. കൂടാതെ തൊഴിലാളികളെ അവരുടെ അവകാശങ്ങളെക്കുറിച്ചും ജോലിയിലെ നിബന്ധനകളെക്കുറിച്ചും ബോധവൽക്കരിക്കുകയും ചെയ്യും.
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനുമുള്ള ബോധവൽക്കരണത്തിലും ദേശീയ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിലും ഈ ഓഫീസിന്റെ തുടക്കം ഒരു പ്രധാന നാഴികക്കല്ലാണെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ ജനറലും ഹ്യൂമൻ ട്രാഫിക്കിംഗ് വിരുദ്ധ ദേശീയ സമിതി ഡെപ്യൂട്ടി ചെയർമാനുമായ ബ്രിഗേഡിയർ ജനറൽ ജമാൽ ബിൻ ഹബീബ് അൽ ഖുറൈശി പറഞ്ഞു.
തൊഴിലാളി സംരക്ഷണം എന്ന ആശയത്തിലെ സുപ്രധാന വികാസമാണ് ഈ ഓഫീസിന്റെ പ്രവർത്തനമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് ഡയറക്ടർ ജനറലും എൻ.സി.സി.എച്ച്.ടി അംഗവുമായ ജാസിം ബിൻ ഹമൂദ് അൽ മാലിക്കി വ്യക്തമാക്കി.
യഥാർത്ഥ തൊഴിലാളി സംരക്ഷണം ആരംഭിക്കുന്നത് ഒരു നിയമലംഘനം നടക്കുമ്പോഴല്ല എന്ന് അദ്ദേഹം വിശദീകരിച്ചു. തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുകയും ബന്ധപ്പെട്ട അധികാരികളെ എങ്ങനെ സുരക്ഷിതമായി സമീപിക്കണമെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് അത് ആരംഭിക്കുന്നത്. അതിനാൽ ഒമാനിൽ എത്തുന്ന നിമിഷം മുതൽ മുൻകരുതൽ സംരക്ഷണം ഉറപ്പാക്കുന്ന മികച്ചൊരു നിക്ഷേപമാണ് ഈ മുൻകൈയെടുക്കലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
For more details: The Indian Messenger



