INDIA NEWSTOP NEWS

10,000 പോലീസുകാർ, ഗതാഗത നിയന്ത്രണങ്ങൾ: ഇൻഡ്യാ സഖ്യത്തിന്റെയും ബി.ജെ.പി.യുടെയും സമാന്തര മാർച്ചുകളിൽ പുകഞ്ഞ് ഡൽഹി.

Sponsored

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ഉയർത്തിക്കാട്ടി പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യാ’ മുന്നണിയും, 1984-ലെ സിഖ് വിരുദ്ധ കലാപം ഉന്നയിച്ച് കോൺഗ്രസിനെതിരെ ഭരണകക്ഷിയായ ബി.ജെ.പിയും ഇന്ന് ഡൽഹിയിൽ സമാന്തര പ്രതിഷേധ മാർച്ചുകൾ നടത്തും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യാ സഖ്യം നടത്തുന്ന “ചലോ ഡൽഹി” മാർച്ച് രാംലീല മൈതാനത്ത് സമാപിക്കും. വോട്ടർ പട്ടികയുടെ വിവരങ്ങൾ ശേഖരിക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷനിൽ (SIR) വൻ ക്രമക്കേട് നടന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇൻഡ്യാ സഖ്യത്തിലെ എം.പിമാർ രാവിലെ 11 മണിക്ക് ഭരണഘടനാ ക്ലബ്ബിൽ ഒത്തുചേരുകയും ഉച്ചയ്ക്ക് 12 മണിക്ക് സെൻട്രൽ ഡൽഹിയിലെ മിന്റോ റോഡ്-കണാട്ട് പ്ലേസ് ജംഗ്ഷനിൽ നിന്ന് മാർച്ച് ആരംഭിക്കുകയും ചെയ്യും. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, അഭിഷേക് ബാനർജി, ഹേമന്ത് സോറൻ, രേവന്ത് റെഡ്ഡി, തേജസ്വി യാദവ്, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി.ഇ.സിക്ക് എതിരെ ആറ് പ്രധാന ആരോപണങ്ങൾ അടങ്ങിയ പ്രതീകാത്മക പ്രമേയം ഖാർഗെ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ റാലി നടക്കുന്നത്. തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ സി.ഇ.സി ഗൂഢാലോചന നടത്തിയെന്നും, 13.2 കോടി വോട്ടർമാരെ ഒഴിവാക്കിയെന്നും, പാർലമെന്റിന്റെ മേൽനോട്ടമില്ലാതെ ഫോം 6 മാറ്റിയെന്നും, ഇ.സി.ഐ.നെറ്റ് (ECINET) വഴി വോട്ടർ പട്ടികയുടെ നിയന്ത്രണം ഏറ്റെടുത്തെന്നും പ്രമേയം ആരോപിക്കുന്നു.

Sponsored

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിലെ റിപ്പോർട്ട് പരാമർശിച്ചുകൊണ്ട്, പ്രധാന തീരുമാനങ്ങളിൽ നിന്ന് മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഒഴിവാക്കിയതായും പ്രമേയത്തിൽ ആരോപിക്കുന്നു.

എന്നാൽ പ്രതിപക്ഷത്തിന്റെ ഈ പ്രതിഷേധത്തെ “നാടകം” എന്ന് വിശേഷപ്പറിച്ച് ബി.ജെ.പി തള്ളിപ്പറഞ്ഞു.

പ്രതിഷേധത്തിൽ പങ്കെടുക്കാത്ത ഒരു വിഭാഗം കൊക്രോച്ച് ജനതാ പാർട്ടി (CJP) ആണ്. അവരുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്നലെ ഡൽഹിയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ സന്ദർശിച്ച് യുവാക്കളുടെ പ്രതിഷേധങ്ങൾക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചിരുന്നു. എന്നാൽ സി.ജെ.പി തങ്ങളുടെ സ്വതന്ത്ര സ്വഭാവം നിലനിർത്തുമെന്നും പ്രതിപക്ഷത്തിന്റെ ഞായറാഴ്ചത്തെ പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങളുടെ ആദ്യത്തെ ജന്തർ മന്തർ പ്രക്ഷോഭത്തെ ദീദി പിന്തുണച്ച രീതിക്ക് നന്ദി പറയാനാണ് ഞാൻ വന്നത്. യുവാക്കളുടെ പ്രസ്ഥാനത്തോടൊപ്പം അവർ എപ്പോഴും ഉറച്ചുനിന്നു. സൗരവും അശുതോഷും ഡൽഹി പോലീസിന്റെ അറസ്റ്റിലായപ്പോഴും ദീദി ഞങ്ങളോടൊപ്പം ശക്തമായി നിലകൊണ്ടു,” അദ്ദേഹം പറഞ്ഞു. ഡൽഹി പോലീസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (CAPF), സി.ആർ.പി.എഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (RAF) എന്നിവരുൾപ്പെടെ പതിനായിരത്തോളം പോലീസും അർദ്ധസൈനിക വിഭാഗവും സെൻട്രൽ, ന്യൂഡൽഹി മേഖലകളിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

രാംലീല മൈതാനത്തിന് ചുറ്റും, മിന്റോ ബ്രിഡ്ജ് മുതൽ റാലി വേദി വരെയുള്ള വഴികളിലും സമീപ പ്രദേശങ്ങളിലും 4,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. കണാട്ട് പ്ലേസ്, ജന്തർ മന്തർ, ഭഗവാൻ ദാസ് റോഡ്, സുപ്രീം കോടതി, ഇലക്ഷൻ കമ്മീഷൻ ഓഫീസ് പരിസരങ്ങളിലും കർശന സുരക്ഷയും ബഹുതല ബാരിക്കേഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ സെൻട്രൽ ഡൽഹിയുടെ പലഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും വഴിതിരിച്ചുവിടലും ഉണ്ടാകും. യാത്രക്കാർ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

“200 മുതൽ 250 വരെ സി.സി.ടി.വി ക്യാമറകൾ ഉപയോഗിച്ച് ഞങ്ങൾ പ്രദേശം മുഴുവൻ നിരീക്ഷിക്കുന്നുണ്ട്. സംഘാടകർക്ക് സ്വന്തമായി കൺട്രോൾ റൂം ഉണ്ട്, ഈ പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നു,” എന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രോഹിത് രാജ്ബീർ പറഞ്ഞു.

നവംബർ 1-ലെ റാലി പ്രഖ്യാപിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഈ പ്രചാരണത്തെ “ചലോ ഡൽഹി, വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ” എന്ന് വിശേഷിപ്പിക്കുകയും, ഇത് വോട്ടർമാരുടെ വോട്ട് സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനുമുള്ള പോരാട്ടമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

“പതിമൂന്ന് കോടി പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. ഓരോ സംസ്ഥാനത്തെയും വോട്ടർ പട്ടികയിൽ വൻ തട്ടിപ്പാണ് നടക്കുന്നത്,” എന്ന് വേണുഗോപാൽ ആരോപിച്ചു. ഭയമില്ലാതെ ചോദ്യങ്ങൾ ഉയർത്താനും ഭരണാധികാരികളെ ഉത്തരവാദികളാക്കാനുമാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, 1984-ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ റാലി നടത്തുന്ന കോൺഗ്രസിനെതിരെ പടിഞ്ഞാറൻ ഡൽഹിയിൽ ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തും.

ബി.ജെ.പി മാർച്ച് രാവിലെ 11.30-ന് ഹരി നഗർ ബസ് ഡിപ്പോയിൽ നിന്ന് ആരംഭിക്കുകയും തിലക് നഗർ മെട്രോ സ്റ്റേഷൻ വരെ തുടരുകയും ചെയ്യും. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സഹമന്ത്രി ഹർഷ് മൽഹോത്ര, എച്ച്.എസ് ഫൂൽക്ക, മഞ്ചീന്ദർ സിങ് സിർസ, ബി.ജെ.പി എം.പി ബാൻസുരി സ്വരാജ് എന്നിവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാർച്ചിന് മുന്നോടിയായി ബി.ജെ.പി എം.പി വിക്രംജിത് സിങ് സാഹ്നി ഗുരുദ്വാര ഷഹീദ് ഗഞ്ച് സാഹിബിൽ വെച്ച് കലാപത്തിൽ നിന്ന് രക്ഷപ്പെട്ടവർക്കൊപ്പം മാധ്യമങ്ങളെ കാണും. 1984-ലെ സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കുചേരും.

ഇൻഡ്യാ സഖ്യത്തിന്റെ റാലിക്കെതിരെ ഡൽഹിയിലെ വ്യാപാരികളും പ്രതിഷേധത്തിലാണ്. ദീപാവലി ആഘോഷങ്ങൾക്ക് തൊട്ടുമുമ്പുള്ള ഈ സമയത്ത് റോഡുകൾ അടയ്ക്കുന്നതും ഗതാഗതക്കുരുക്കും ഉപഭോക്താക്കൾ കടകളിൽ എത്തുന്നത് തടയുമെന്ന് അവർ ഭയപ്പെടുന്നു.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ തങ്ങൾ എതിർക്കുന്നില്ലെന്നും എന്നാൽ സമരത്തിന്റെ സമയവും വേദിയും പൂർണ്ണമായും തെറ്റാണെന്നും ഓട്ടോമോട്ടീവ് പാർട്സ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വിനയ് നാരംഗ് പറഞ്ഞു. “ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടൊപ്പം നിൽക്കുന്നവരല്ല, ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് എതിരുമല്ല. എന്നാൽ ഈ സമയവും വേദിയും തീർത്തും അനുയോജ്യമല്ല,” അദ്ദേഹം വ്യക്തമാക്കി.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button