ഹോർമുസ് കടലിടുക്കിലെ ഒമാൻ പാതയിലെ കപ്പലുകളെ നിരീക്ഷിക്കാൻ ഐ.ആർ.ജി.സി പ്രത്യേക സേനയെ വിന്യസിച്ചു.

ദുബായ്: ഹോർമുസ് കടലിടുക്കിലെ ഒമാൻ തീരത്തോട് ചേർന്നുള്ള തെക്കൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ മുൻകൂട്ടി തിരിച്ചറിയുന്നതിനായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) തങ്ങളുടെ പ്രത്യേക സുരക്ഷാ സേനയെ ഇറാൻ തീരങ്ങളിൽ വിന്യസിച്ചതായി റിപ്പോർട്ട്. ഒമാൻ വഴി കടന്നുപോകുന്ന കപ്പലുകളുടെ സമയവിവരങ്ങളും യാത്രാ പദ്ധതികളും ഒമാനിലെ ചില ഏജന്റന്മാർ വഴി ചോർത്തിയെടുക്കാനും ഐ.ആർ.ജി.സി പ്രതിനിധികൾ ശ്രമിക്കുന്നതായി ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ട വിവരങ്ങളിൽ വ്യക്തമാക്കുന്നു. കര അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, വ്യോമ-നാവിക ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക രഹസ്യാന്വേഷണ സംവിധാനങ്ങളോടെയാണ് ഈ പ്രത്യേക സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. തെക്കൻ പാത ഉപയോഗിക്കുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകാനും അവയെ നിരീക്ഷിക്കാനുമാണ് പുതിയ നിർദ്ദേശം.
ഇറാൻ ഔദ്യോഗികമായി അംഗീകരിച്ച പാതകൾ മാത്രമേ ഹോർമുസ് കടലിടുക്കിൽ അനുവദിക്കൂ എന്ന് ഐ.ആർ.ജി.സി ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും ഒമാനും ശുപാർശ ചെയ്ത തെക്കൻ ഇടനാഴി ഉപയോഗിക്കരുതെന്ന് അന്താരാഷ്ട്ര കപ്പലുകൾക്ക് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ താൽക്കാലികമായി ഒരു വാരത്തെ വെടിനിർത്തലിന് ധാരണയായതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. ഒമാന്റെ പുതിയ നിർദ്ദേശപ്രകാരം ദോഹയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരാനിരിക്കെയാണ്, തങ്ങൾ അംഗീകരിക്കാത്ത പാതകളിലൂടെ പോകുന്ന കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ നിരീക്ഷണം ശക്തമാക്കുന്നത്.
കഴിഞ്ഞ ജൂൺ 25-ന് ഒമാൻ തീരത്തിന് സമീപം സിംഗപ്പൂർ പതാകയേന്തിയ ചരക്കുകപ്പലിന് നേരെ ഐ.ആർ.ജി.സി നടത്തിയ ആക്രമണം ഈ പുതിയ സൈനിക ദൗത്യത്തിന്റെ ഭാഗമായിരുന്നു. ഇതിന് തിരിച്ചടിയായി ജൂൺ 26-ന് യു.എസ് യുദ്ധവിമാനങ്ങൾ ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണശാലകളും റഡാർ കേന്ദ്രങ്ങളും ആക്രമിച്ചിരുന്നു. നിലവിൽ ഹോർമുസ് കടലിടുക്കിൽ മൂന്ന് വ്യത്യസ്ത കപ്പൽ പാതകളാണ് നിലവിലുള്ളത്; ഒമാൻ തീരത്തെ തെക്കൻ പാത, യുദ്ധത്തിന് മുൻപ് ഉപയോഗിച്ചിരുന്ന മധ്യപാത, ഇറാൻ നിയന്ത്രണത്തിലുള്ള വടക്കൻ പാത എന്നിവയാണവ. കടൽ മൈനുകൾ ഉള്ളതിനാൽ മധ്യപാത ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. നയതന്ത്ര ചർച്ചകളിൽ കപ്പലുകളിൽ നിന്ന് ‘സർവീസ് ഫീ’ ഈടാക്കാൻ ഇറാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും ടോൾ പിരിവ് അനുവദിക്കില്ലെന്ന് ഒമാൻ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന് മുൻപ് പ്രതിദിനം 130 കപ്പലുകൾ കടന്നുപോയിരുന്ന ഈ തന്ത്രപ്രധാന പാതയിൽ നിലവിൽ കപ്പൽ ഗതാഗതം വളരെ കുറവാണ്.
Short Brief
The Islamic Revolutionary Guard Corps (IRGC) has deployed advanced special forces along Iran’s coast to monitor and identify commercial vessels utilizing the Oman-side southern route through the Strait of Hormuz. Equipped with aerial, naval, and land-based tracking systems, the IRGC is attempting to intercept shipping schedules through Omani sources to challenge the corridor supported by the International Maritime Organization. This surveillance escalation occurs despite a temporary de-escalation agreement between Washington and Tehran, as Iran attempts to enforce its own approved shipping routes and unilateral sovereignty over the strategic waterway.
(With inputs from Iranintl)
For more details: The Indian Messenger



