സൗജന്യ ഹജ്ജ് ആരോഗ്യ സർട്ടിഫിക്കറ്റ്: അപ്പോയിന്റ്മെന്റില്ലാതെ പിഎച്ച്സിസി കേന്ദ്രങ്ങളിൽ നേരിട്ടെത്താം

2026-2027 വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് തയ്യാറെടുക്കുന്ന തീർത്ഥാടകർക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ ആഴ്ചയിലെ ഏത് ദിവസവും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC) ഏത് ആരോഗ്യ കേന്ദ്രത്തിലും നേരിട്ടെത്തി മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം.
ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും എല്ലാ പിഎച്ച്സിസി ആരോഗ്യ കേന്ദ്രങ്ങളിലും ഈ സർട്ടിഫിക്കറ്റ് സൗജന്യമായി നൽകും. റെസിഡൻസ് പെർമിറ്റോ ഹെൽത്ത് കാർഡോ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് മാത്രമായിരിക്കും ചെറിയ നിരക്ക് ഈടാക്കുക. പേപ്പർ രൂപത്തിലും ഇലക്ട്രോണിക് രൂപത്തിലും സർട്ടിഫിക്കറ്റുകൾ ലഭ്യമാണ്.
എൻഡോവ്മെന്റ് (ഔഖാഫ്) ഇസ്ലാമിക കാര്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും പാലിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നതെന്നും, ഖത്തറിന്റെ അംഗീകൃത ആരോഗ്യ പ്രോട്ടോക്കോളുകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായാണ് ഇതെന്നും പിഎച്ച്സിസി വ്യക്തമാക്കി.
തീർത്ഥാടകർക്ക് യാത്രയ്ക്ക് മുൻപ് തന്നെ ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കാനും തങ്ങൾക്ക് പൂർണ്ണ ആരോഗ്യമുണ്ടെന്ന് ഉറപ്പാക്കാനും, അതുവഴി ഹജ്ജ് കർമ്മങ്ങൾ സുരക്ഷിതമായി നിർവ്വഹിക്കാനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കോർപ്പറേഷൻ അറിയിച്ചു.
മുൻകൂട്ടി ബുക്കിംഗ് ഇല്ലാതെ തന്നെ എല്ലാ പിഎച്ച്സിസി ഫാമിലി മെഡിസിൻ കേന്ദ്രങ്ങളിലും അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
വിപുലമായ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിനും ഹജ്ജ് സീസണിലേക്കുള്ള ആരോഗ്യ സജ്ജീകരണങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പിഎച്ച്സിസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സേവനം. ആവശ്യമായ മെഡിക്കൽ പരിശോധനകൾ അവസാന നിമിഷത്തേക്ക് മാറ്റിവെക്കരുതെന്ന് തീർത്ഥാടകരോട് കോർപ്പറേഷൻ അഭ്യർത്ഥിച്ചു.
For more details: The Indian Messenger



