ആവേശം വാനോളം; തൃശൂർ നഗരത്തെ കീഴടക്കാൻ ഇന്ന് പുലികളിറങ്ങും, പ്രാദേശിക അവധി പ്രഖ്യാപിച്ചു.

തൃശൂര്‍: തൃശൂർ നഗരത്തെ കീഴടക്കാൻ ഇന്ന് പുലികൾ ഇറങ്ങും. കുടവയർ ഇളക്കിയും അരമണി കിലുക്കിയും ചുവടുവെക്കാൻ 9 ദേശങ്ങളിൽ നിന്നായി 400-ഓളം പുലികളാണ് സ്വരാജ് റൗണ്ടിൽ എത്തുക.
ഉച്ചയോടെ ദേശങ്ങളിൽ നിന്ന് മേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ പുലിക്കൂട്ടങ്ങൾ സ്വരാജ് റൗണ്ടിലേക്ക് നീങ്ങിത്തുടങ്ങും.
പുലികളി പ്രമാണിച്ച് തൃശൂർ താലൂക്കിൽ ഇന്ന് ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
തൃശൂർ നഗരാതിർത്തിയിലെ വിയ്യൂർ യുവജനസംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, സീതാറാം മിൽ ദേശം, ചക്കാമുക്ക് ദേശം, കാനാട്ടുകര ദേശം, ഒളരിക്കര, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നീ ഒൻപത് ടീമുകളാണ് പുലിക്കളിക്കെത്തുക.
വരയൻ പുലി, കരിമ്പുലി, പുള്ളിപ്പുലി തുടങ്ങി പരമ്പരാഗത പുലികൾക്കൊപ്പം പെൺപുലികളും കുട്ടിപ്പുലികളും അണിനിരക്കും. വിയ്യൂർ ദേശമാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ.
For more details: The Indian Messenger



