കൊട്ടിയത്ത് വീട് കത്തിനശിച്ചു; കടുത്ത വേനലിൽ തീപിടുത്തം വ്യാപകം, ഒഴിവായത് വൻ ദുരന്തം.

കൊല്ലം: കടുത്ത വേനൽ ചൂടിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീപിടുത്തം വ്യാപകമാകുന്നു. കൊട്ടിയം ഡീസന്റ് മുക്കിന് സമീപം ജനവാസമില്ലാതിരുന്ന ഒരു വീട് പൂർണ്ണമായും കത്തിനശിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. വീടിന്റെ മേൽക്കൂരയിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
തുടർന്ന് മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. വീടിന്റെ ഓട് പാകിയ മേൽക്കൂരയും ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണ്ണമായും നശിച്ചു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
ഒരാഴ്ച മുമ്പ് ഇതേ പറമ്പിലെ കരിയിലകൾക്ക് തീപിടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ജില്ലാ ഫയർ ഓഫീസർ രാജകുമാറിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. (KN)
For more details: The Indian Messenger



