INDIA NEWSKERALA NEWSTOP NEWS

കരുനാഗപ്പള്ളിയിൽ ഓണം തിരക്ക് നിയന്ത്രിക്കാൻ വിപുലമായ യോഗം; ഗതാഗതം സുഗമമാക്കാൻ സുപ്രധാന തീരുമാനങ്ങൾ.

Sponsored

കരുനാഗപ്പള്ളി: ഓണാഘോഷത്തോടനുബന്ധിച്ച് കരുനാഗപ്പള്ളി നഗരത്തിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും കാൽനടയാത്രക്കാരുടെ യാത്രാക്ലേശവും പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. സി.ആർ. മഹേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർ, സെക്രട്ടറിമാർ, റവന്യൂ, എക്സൈസ്, പൊലീസ്, പൊതുമരാമത്ത് (റോഡ്സ്), നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, ദേശീയപാത കരാർ കമ്പനിയായ വിശ്വസമുദ്രയുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് കർശന നിർദേശങ്ങൾക്ക് അംഗീകാരം നൽകിയത്.

ഹൈസ്കൂൾ ജംഗ്ഷനിൽ തടസ്സപ്പെട്ടുകിടക്കുന്ന ഓടയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി ഗതാഗതം സുഗമമാക്കാൻ യോഗത്തിൽ തീരുമാനമായി. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായ ഭാഗങ്ങളിൽ താൽക്കാലിക പാർക്കിങ്ങിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനുമായി സൗകര്യങ്ങൾ ഒരുക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകി.

ദേശീയപാതയിൽ ഓച്ചിറ മുതൽ കരുനാഗപ്പള്ളി വരെയുള്ള പ്രധാന ജംഗ്ഷനുകളിൽ റോഡ് മുറിച്ചുകടക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തും. സർവീസ് റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണം. നഗരസഭയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷൻ മുതൽ ലാലാജി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ തടസ്സമില്ലാതെ അനൗൺസ്മെന്റും ബോധവൽക്കരണ പ്രചാരണവും നടത്തും.

Sponsored

ഗ്രാമപഞ്ചായത്ത് തലത്തിൽ ലഹരി-മദ്യ ഉപയോഗത്തിനെതിരെ വ്യാപക പ്രചാരണം സംഘടിപ്പിക്കുന്നതിനൊപ്പം എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കും. ഓണക്കാലത്ത് വിനോദസഞ്ചാരികൾ കൂടുതലായെത്തുന്ന അഴീക്കൽ ബീച്ച്, വെള്ളനാതുരുത്ത് എന്നിവിടങ്ങളിൽ പ്രത്യേക പൊലീസ് നിരീക്ഷണം ഏർപ്പെടുത്തും.

ദേശീയപാതയോരത്ത് നിയമവിരുദ്ധമായി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകൾ കുറച്ചുകൂടി ഉള്ളിലേക്ക് മാറ്റിസ്ഥാപിച്ച് സർവീസ് റോഡുകൾക്ക് കൂടുതൽ വീതിയും സൗകര്യവും ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനൻ, നഗരസഭാ ചെയർമാൻ പി. സോമരാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജയശ്രീ തൃദീപ്, എൻ. കൃഷ്ണകുമാർ, ജയശ്രീ, പി.ഡി. അരുൺ രാജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നജീബ് മണ്ണേൽ, ദീപാചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാകുമാരി, സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്.പുരം സുധീർ, തഹസീൽദാർ ബോസ് ഫ്രാൻസിസ്, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ സുധീർ ചോയ്സ്, രഞ്ജു ശേഖർ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കുമ്പളത്ത് രാജേന്ദ്രൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്-എക്സൈസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button