ഡൽഹിയിൽ സ്ലീപ്പർ ബസിൽ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും പിടിയിൽ.

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിക്കൊണ്ട് ഓടുന്ന സ്ലീപ്പർ ബസിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർപ്രദേശ് സ്വദേശിയായ 16 വയസ്സുള്ള പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. ദില്ലി എൻ.സി.ആർ മേഖലയിലൂടെ ഏകദേശം 47 കിലോമീറ്ററോളം പെൺകുട്ടിയെ ബസിലിട്ട് പീഡിപ്പിച്ച ശേഷം പ്രതികൾ പ്രധാന ബസ് ടെർമിനലിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 4-ന് രാത്രി കശ്മീരി ഗേറ്റ് പരിധിയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്.
ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ നിന്നുള്ള വിദ്യാർഥിനി വീട്ടുകാരുമായി പിണങ്ങി, ആരോടും പറയാതെ നോയിഡയിലുള്ള കസിനെ കാണാൻ ഇറങ്ങിത്തിരിച്ചതായിരുന്നു. എന്നാൽ കനത്ത മഴയും ഇരുട്ടും കാരണം വഴിതെറ്റിയ പെൺകുട്ടിക്ക് പാരി ചൗക്കിൽ ഇറങ്ങേണ്ടി വന്നു. മഴയത്ത് ഒറ്റപ്പെട്ടുപോയ പെൺകുട്ടി സഹായത്തിനായി കൈകാണിച്ചപ്പോൾ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് വരികയായിരുന്ന ആളില്ലാത്ത സ്ലീപ്പർ ബസ് അവിടെ നിർത്തുകയായിരുന്നു. നോയിഡ സെക്ടർ-63 ലേക്കാണ് പോകുന്നതെന്ന് വിശ്വസിപ്പിച്ച് ഡ്രൈവറും കണ്ടക്ടറും പെൺകുട്ടിയെ ബസ്സിൽ കയറ്റുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
ബസ് മുന്നോട്ട് എടുത്തതിന് പിന്നാലെ കണ്ടക്ടർ പെൺകുട്ടിയോട് മോശമായി പെരുമാറാൻ തുടങ്ങി. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ശക്തമായി എതിർത്തപ്പോൾ കൊന്നുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. റോഡിലൂടെ പോകുന്നവർക്ക് ഉള്ളിലേക്ക് കാണാൻ കഴിയാത്ത വിധം കർട്ടനുകൾ ഇട്ടിരുന്ന സ്ലീപ്പർ ബസ് ആയതിനാൽ പുറത്തുള്ള ആരും തന്നെ വിവരം അറിഞ്ഞില്ല. പാരി ചൗക്ക് മുതൽ കശ്മീരി ഗേറ്റ് വരെയുള്ള 47 കിലോമീറ്റർ ദൂരവും പെൺകുട്ടി ബസിനുള്ളിൽ ക്രൂരമായ പീഡനത്തിന് ഇരയായതായി പോലീസ് അറിയിച്ചു.
രാത്രി വൈകി പ്രതികൾ പെൺകുട്ടിയെ കശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപമുള്ള റിംഗ് റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഭയന്നുവിറച്ച പെൺകുട്ടി ഉടൻ തന്നെ കശ്മീരി ഗേറ്റ് പൊലീസുമായി ബന്ധപ്പെട്ട് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിമർപൂരിലെ ഒരു ബസ് പാർക്കിംഗ് ലോട്ടിൽ വെച്ച് പ്രതികളായ കുൽദീപിനെയും സന്ദീപിനെയും പൊലീസ് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്ലീപ്പർ ബസ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബസിൽ ഫോറൻസിക് പരിശോധനകൾ നടന്നുവരികയാണെന്നും കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
For more details: The Indian Messenger



