വിഷു ആഘോഷത്തിനിടെ പടക്കം കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു; ഹൃദയാഘാതത്തെ തുടർന്ന് യുവാവിന് ദാരുണാന്ത്യം.

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ പടക്കം കയ്യിലിരുന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം രാഗം കോർണറിലെ വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പ്രദേശത്തെ ക്ലബ്ബ് അംഗങ്ങൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ദിലീപിന്റെ കയ്യിൽ ഒന്നിലധികം ഗുണ്ടുകൾ (വീര്യം കൂടിയ പടക്കം) ഉണ്ടായിരുന്നു. കൈവശം വെച്ചിരുന്ന ഒരു പടക്കത്തിന് തീ കൊളുത്തിയപ്പോൾ മറ്റ് പടക്കങ്ങളിലേക്കും തീ പടരുകയും അവ ഒന്നിച്ച് കൈക്കുള്ളിലിരുന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ദിലീപിന്റെ കയ്യിൽ അതീവ ഗുരുതരമായി പൊള്ളലേറ്റു.
പടക്കം പൊട്ടിയതിനെത്തുടർന്നുണ്ടായ ആഘാതത്തിൽ ദിലീപിന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അപകടം നടന്ന ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷു ദിനത്തിൽ ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ അപകടം. (KN)
For more details: The Indian Messenger



