ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾ ഇറാൻ സൈന്യം തിരിച്ചയച്ചു; കപ്പലിന് നേരെ ആക്രമണം, പ്രതിഷേധമറിയിച്ച് ഇന്ത്യ.

ന്യൂഡൽഹി/ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന ഏഴ് കപ്പലുകൾ ഇറാൻ സൈന്യം തിരിച്ചയച്ചതായി റിപ്പോർട്ട്. സംഘർഷം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിൽ ഇന്ന് ‘ദേശ് ഗരിമ’ എന്ന കപ്പലിനെ മാത്രമാണ് കടത്തിവിട്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനിടെ ഇന്ത്യൻ കപ്പലിന് നേരെ ഇറാൻ സൈന്യം ആക്രമണം നടത്തിയതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയിലെ ഇറാൻ പ്രതിനിധി ഡോ. മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചാണ് പ്രതിഷേധമറിയിച്ചത്.
20 ലക്ഷം ബാരൽ ഇറാഖി എണ്ണയുമായി വരികയായിരുന്ന ‘ജഗ് അർണവ്’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. എന്നാൽ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻ സെന്റർ (UKMTO) സ്ഥിരീകരിച്ചു. ഇറാനെതിരെയുള്ള നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചത്.
ഇറാനിലേക്കുള്ള കപ്പലുകൾക്ക് യുഎസ് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നത് വരെ ഹോർമുസ് കടലിടുക്കിലെ സാഹചര്യം കർശന നിയന്ത്രണത്തിലായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ സമുദ്രവ്യാപാരത്തെ ഇത് ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് രാജ്യങ്ങൾ. (IN)
For more details: The Indian Messenger



