പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ, ഇന്ത്യയുടെ ഭീകര പട്ടികയിലുള്ള ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു.

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഭീകര പട്ടികയിൽ പെടുത്തിയ ഭീകരനാണ് അൽ ബദർ എന്ന സംഘടനയിലെ അംഗമായ ഹംസ ബുർഹാൻ.
പുൽവാമ നിവാസിയായ ‘ഡോക്ടർ’ എന്നറിയപ്പെടുന്ന ഹംസ ബുർഹാനെ 2022-ൽ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിക്കുന്നത്. വ്യാഴാഴ്ച മുസാഫറാബാദിൽവെച്ച് അജ്ഞാതരായ അക്രമികൾ ബുർഹാന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകൾ ഏറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. ഇന്ത്യയിൽ ഹിറ്റായ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ മോഡൽ ആക്രമണമാണ് നടന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. സമീപകാലത്ത് പാക്കിസ്ഥാനിലും, പാക്ക് അധിനിവേശ കാശ്മീരിലുമായി സമാനമായി നിരവധി ഭീകരരെ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.
ആരാണ് ഹംസ ബുർഹാൻ?
പുൽവാമയിലെ രത്നിപോറ മേഖലയിലെ ഖർബത്പോറയിൽ ജനിച്ച ബുർഹാൻ 2017 ൽ ഉന്നത പഠനം നടത്താനെന്ന വ്യാജേനയാണ് പാകിസ്ഥാനിലേക്ക് കടക്കുന്നത്. പിന്നീട് നിരോധിത ഭീകര സംഘടനയായ അൽ-ബദറിൽ ചേർന്ന ബുർഹാൻ താമസിയാതെ ആ സംഘടനയിലെ കമാൻഡർ പദവിയിലേക്ക് ഉയർന്നു.
കശ്മീരിലേക്ക് തിരിച്ചെത്തിയ ഹംസ ബുർഹാൻ യുവാക്കളെ ത്രീവവാദ സംഘങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2019 ഫെബ്രുവരി 14 ൽ 40 സൈനികരുടെ ജീവനെടുത്ത പുൽവാമ ആക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിൽ നടന്ന നിരവധി ഭീകരവാദ പ്രവർത്തനങ്ങളുമായി ബുർഹാന് ബന്ധമുണ്ട്. ലെത്പോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച കാർ ജെയ്ഷെ മുഹമ്മദ് ഭീകരൻ ഇടിച്ചുകയറ്റിയാണ് ആക്രമിച്ചത്.
(With inputs from MN)
For more details: The Indian Messenger



