INDIA NEWSTOP NEWS

‘ഇത്ര വികാരാധീനനാകേണ്ടതില്ല’; ‘പാറ്റ’ ക്യാമ്പെയ്നെതിരെയുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ്.

Sponsored

ന്യൂഡൽഹി: “സിസ്റ്റത്തെ ആക്രമിക്കുന്നവർക്കെതിരായ” തന്റെ പരാമർശത്തിന് മറുപടിയായി സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ‘കോക്രോച്ച് ജനത പാർട്ടി’ (പാറ്റ ജനത പാർട്ടി) ക്യാമ്പെയ്നുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ, വിഷയം “വികാരാധീനമായി” എടുക്കേണ്ടതില്ലെന്ന് അഭിഭാഷകനോട് നിർദ്ദേശിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും തമാശകളെയും ആ രീതിയിൽ തന്നെ കാണണം എന്ന സൂചനയോടെയാണ് ചീഫ് ജസ്റ്റിസിന്റെ ഈ പ്രതികരണം.

Sponsored

കോടതിയെയും നീതിന്യായ വ്യവസ്ഥയെയും അപകീർത്തിപ്പെടുത്താൻ ചിലർ ബോധപൂർവ്വം തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജി (PIL) പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. കോടതിമുറിയിലെ ചർച്ചകൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് നിർദ്ദേശിക്കണമെന്നും, ‘കോക്രോച്ച് ജനത പാർട്ടി’യുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Sponsored

ചീഫ് ജസ്റ്റിസ് തന്റെ മുൻ പരാമർശത്തിൽ വ്യക്തത വരുത്തിയിട്ടും ഇപ്പോഴും തെറ്റായ പ്രചാരണം തുടരുകയാണെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, “ഇതിൽ അത്രയധികം വികാരാധീനനാകേണ്ടതില്ല” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. കൂടാതെ, ഈ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യവും കോടതി തള്ളി.

Sponsored

നേരത്തെ മെയ് 15-ന് ഒരു കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് നടത്തിയ ചില പരാമർശങ്ങളാണ് വലിയ വിവാദങ്ങൾക്കും സോഷ്യൽ മീഡിയയിൽ ‘കോക്രോച്ച് ജനത പാർട്ടി’ എന്ന പേരിലുള്ള പ്രതിഷേധ ക്യാമ്പെയ്നും കാരണമായത്. സീനിയർ അഡ്വക്കേറ്റ് പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു യുവ അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. “സമൂഹത്തിൽ സിസ്റ്റത്തെ ആക്രമിക്കുന്ന ചില പരാദങ്ങളുണ്ട് (parasites), നിങ്ങൾ അവരുടെ കൂടെ കൂടാനാണോ നോക്കുന്നത്? തൊഴിലില്ലാത്ത, പ്രൊഫഷനിൽ ഇടമില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണ്. അവർ പിന്നീട് മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ആർടിഐ പ്രവർത്തകരുമായി മാറി എല്ലാവരെയും ആക്രമിക്കാൻ തുടങ്ങുന്നു,” എന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ഈ പരാമർശം രാജ്യവ്യാപകമായി യുവാക്കൾക്കിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയതോടെ ചീഫ് ജസ്റ്റിസ് പിന്നീട് ഇതിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. താൻ രാജ്യത്തെ യുവാക്കളെയാകെ വിമർശിച്ചു എന്ന രീതിയിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാജ ബിരുദങ്ങളുമായി നിയമ പ്രൊഫഷനിലേക്കും മാധ്യമരംഗത്തേക്കും കടന്നുകൂടി വ്യവസ്ഥിതിയെ തകർക്കാൻ ശ്രമിക്കുന്ന പരാദങ്ങളെയാണ് താൻ ഉദ്ദേശിച്ചതെന്നും, ഇന്ത്യൻ യുവത്വത്തെക്കുറിച്ച് തനിക്ക് അഭിമാനമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്ര സ്വദേശിയും നിലവിൽ യുഎസിലുള്ളതുമായ 30-കാരൻ അഭിജീത് ദിപ്കെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് മറുപടിയായി ‘പാറ്റകൾക്കായുള്ള’ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിച്ചതും അത് വലിയൊരു ഓൺലൈൻ ട്രെൻഡായി മാറിയതും. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച ‘കോക്രോച്ച് ജനത പാർട്ടി’യുടെ എക്സ് (ട്വിറ്റർ) അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയിരുന്നു. ഇന്റലിജൻസ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടർന്ന് ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഐടി മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് അക്കൗണ്ട് പൂട്ടിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ട് ആരംഭിച്ച് പ്രതിഷേധം തുടരുമെന്ന് ദിപ്കെ വ്യക്തമാക്കിയിട്ടുണ്ട്.

(With inputs from IE)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button