ഫൽത്ത ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബംഗാളിൽ തൃണമൂൽ – ബി.ജെ.പി പോര് വീണ്ടും രൂക്ഷമാകുന്നു.

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫൽത്ത നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി ലക്ഷത്തിലധികം വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെ വിജയം നേടിയതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ പോര് കടുക്കുന്നു. വോട്ടെണ്ണലിൽ കടുത്ത ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകിയതോടെയാണ് പുതിയ രാഷ്ട്രീയ തർക്കം ഉടലെടുത്തത്. കഴിഞ്ഞ മെയ് നാലിന് നടന്ന ആദ്യ വോട്ടെണ്ണൽ സമയത്ത് ബി.ജെ.പി ഒഴികെയുള്ള മറ്റ് പാർട്ടികളുടെ കൗണ്ടിംഗ് ഏജന്റുമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും ചേർന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നിർബന്ധപൂർവ്വം പുറത്താക്കിയെന്ന് അഭിഷേക് ബാനർജി എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആരോപിച്ചു. തൃണമൂലിന്റെ ശക്തമായ കോട്ടയായിരുന്ന ഫൽത്തയിലെ എല്ലാ 285 ബൂത്തുകളിലും ഇ.വി.എം ക്രമക്കേടുകൾ ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിട്ടത് വലിയ വിവാദമായിരുന്നു.
അതേസമയം, തൃണമൂൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ കുപ്രസിദ്ധമായ ‘ഡയമണ്ട് ഹാർബർ’ മോഡൽ ഇപ്പോൾ ജനങ്ങൾ തള്ളിക്കളഞ്ഞ് ‘തൃണമൂലിന്റെ തോൽവി’ മോഡലായി മാറിയിരിക്കുകയാണെന്ന് സുവേന്ദു അധികാരി പരിഹസിച്ചു. ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത അഴിമതിക്കാരുടെ മാഫിയ കമ്പനിയായി തൃണമൂൽ കോൺഗ്രസ് മാറിയെന്നും, അധികാരം നഷ്ടപ്പെട്ടതോടെ പാർട്ടിയുടെ യഥാർത്ഥ അവസ്ഥ പുറത്തുവന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾക്ക് സ്വന്തം നിലയ്ക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവകാശം തിരികെ ലഭിച്ചപ്പോൾ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമായെന്നും, ബി.ജെ.പി സ്ഥാനാർത്ഥി ദേബാംഷു പാണ്ഡെയ്ക്ക് വൻ ഭൂരിപക്ഷം നൽകിയ ഫൽത്തയിലെ ജനങ്ങളെ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി സുവേന്ദു അധികാരി എക്സിൽ കുറിച്ചു.
(With inputs from MN)
For more details: The Indian Messenger



