കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കൈയും കാലും കെട്ടി താഴ്ത്തിയ നിലയിൽ, കൊലപാതകമെന്ന് സംശയം.

ആലപ്പുഴ: കായംകുളം കായലിൽ കൈയും കാലും കെട്ടിയിട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്നിൽ നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ എൺപതുകാരി തങ്കമ്മയുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. മൃതദേഹം വലിയ കല്ല് ഉപയോഗിച്ച് കായലിൽ താഴ്ത്തിയ നിലയിലായിരുന്നു. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന ശക്തമായ സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന തങ്കമ്മയെ രണ്ട് ദിവസമായി കാണാനില്ലായിരുന്നുവെന്ന് കാണിച്ച് നാട്ടുകാർ മക്കളെ വിവരം അറിയിച്ചിരുന്നു. ഇന്നലെ മകൾ വീട്ടിലെത്തി പരിശോധിച്ചിട്ടും തങ്കമ്മയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് ബന്ധുക്കൾ കനകക്കുന്ന് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ കായലിന് നടുവിൽ മൃതദേഹം കണ്ടെത്തുന്നത്.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കൈയും കാലും കെട്ടിയിട്ട് കല്ല് ഉപയോഗിച്ച് മൃതദേഹം താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കായലിൽ കെട്ടി താഴ്ത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ ആഭരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണോ എന്ന സംശയവും പോലീസ് പരിശോധിക്കുന്നുണ്ട്.
Short Brief
The body of an 80-year-old woman, Thankamma, who went missing two days ago, was found tied with ropes and weighed down with a stone in the Kayamkulam lake. Police suspect a brutal murder, potentially linked to a robbery, as her gold ornaments were found missing. An investigation has been launched.
(With inputs from MN)
For more details: The Indian Messenger



