FILMS

സെൻസർ ‘എ’ സർട്ടിഫിക്കറ്റോടെ ‘കാട്ടാളൻ’; മെയ് 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും.

Sponsored

കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രം ‘കാട്ടാളൻ’ സെൻസർ ബോർഡിന്റെ ‘എ’ (A) സർട്ടിഫിക്കറ്റോടെ പ്രദർശനത്തിന് സജ്ജമായി. ‘A for Action’ എന്ന ശക്തമായ ടാഗ് ലൈനോടെയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 28-ന് ലോകമെമ്പാടും റിലീസ് ചെയ്യും.

Sponsored

‘മാർക്കോ’ എന്ന ചിത്രത്തിലൂടെ ആക്ഷൻ രംഗങ്ങളിൽ പുതിയ തരംഗം സൃഷ്ടിച്ച ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എന്റർടൈൻമെന്റ്. യുവാക്കളെ ഏറെ ഹരം കൊള്ളിച്ച അത്തരം തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് കാട്ടാളനിലൂടെയും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും അവരെ ആവേശക്കൊടുമുടിയിൽ എത്തിച്ചിരിക്കുന്നതും.

Sponsored

കാട്ടാളനിൽ മൃഗങ്ങൾക്കും വലിയ പ്രാധാന്യമുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കാട്ടാളൻ എന്ന പേരിന് പൂർണ്ണമായും അനുയോജ്യമാകുന്ന രീതിയിൽ നായകന്റെ കാട്ടുമൃഗങ്ങളോടുള്ള സാഹസികമായ പോരാട്ടം തന്നെയാണ് ഇതിവൃത്തം. ആനയെ തളച്ച് അതിന്റെ മസ്തകം വെട്ടിപ്പിളർന്ന് പോരാട്ടം നടത്തുന്ന നായകനായ ആന്റണി പെപ്പെയുടെ രംഗങ്ങൾ പുറത്തുവിട്ട ടീസറിലൂടെ പ്രേക്ഷകർ കണ്ട് ഞെട്ടിത്തരിച്ചതാണ്.

Sponsored

പ്രീ-പ്രൊഡക്ഷൻ, ചിത്രീകരണം, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിവയ്ക്കായി ഒരു വർഷത്തിലധികം സമയമാണ് ഈ സിനിമയ്ക്ക് വേണ്ടി വന്നത്. അത്രയും മികച്ച തയ്യാറെടുപ്പുകളോടെയാണ് ചിത്രം എത്തുന്നത്. വമ്പൻ മുതൽമുടക്കിൽ മികച്ച സാങ്കേതിക മികവോടെയും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രശസ്ത സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യത്തിലുമാണ് കാട്ടാളൻ ഒരുങ്ങുന്നത്. ഇന്ത്യൻ സംഗീതത്തിലെ മാസ്മര പ്രതിഭയായ രവി ബസ്രൂർ, ലോകപ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കെച്ച കെംപക്ഡി എന്നിവർ ഇതിൽ പ്രധാനികളാണ്.

തിയേറ്ററുകളെ ഉത്സവപ്പറമ്പ് പോലെ ഇളക്കിമറിക്കാൻ പോന്ന നിരവധി വഴിത്തിരിവുകളും ദൃശ്യവിസ്മയങ്ങളുമായിട്ടായിരിക്കും കാട്ടാളൻ എത്തുക. മലയാളത്തിന് പുറമേ ഇന്ത്യയിലെ ഇതര പ്രബല ഭാഷാ ചിത്രങ്ങളിലെ നിരവധി പ്രശസ്ത താരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ട്. ആന്റണി വർഗീസ് (പെപ്പെ) എന്ന നടന്റെ അഭിനയ ജീവിതത്തിൽ വലിയൊരു വഴിത്തിരിവ് സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇത്.

കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ജഗദീഷ്, ആൻസൺ പോൾ, സിദ്ദിഖ്, രാജ്‌കിരൺ ദാസ്, ഷോൺ ജോ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയയിൽ വലിയ ആസ്വാദകവൃന്ദമുള്ള ഹനാൻ ഷാ, റാപ്പർ ജിനി, കിൽ താരം പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്, ലോക് ഫെയിം ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ ഇവരാണ്: ഗാനങ്ങൾ – വിനായക് ശശികുമാർ, സുഹൈൽ കോയ; സംഭാഷണം – ഉണ്ണി ആർ; ഛായാഗ്രഹണം – രണദിവ്; എഡിറ്റിംഗ് – ഷമീർ മുഹമ്മദ്; കലാസംവിധാനം – സുനിൽ ദാസ്; മേക്കപ്പ് – റോണക്സ് സേവ്യർ; കോസ്റ്റ്യൂം ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ; സ്റ്റിൽസ് – അമൽ സി. സദർ; ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽ ദേവ്; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ; പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

തായ്‌ലാൻഡിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രം ഇടുക്കി, തേനി, മുംബൈ, പൂനൈ, ചെന്നൈ, കൊച്ചി, രാമേശ്വരം എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. ക്യൂബ്സ് എന്റർടൈൻമെന്റ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

(News: Vazhoor Jose)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button