വിഴിഞ്ഞം വെങ്ങാനൂരിൽ തീപിടിച്ച കാറിൽ ഒരാൾ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ തീപിടിച്ച കാറിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ അയ്യങ്കാളി സ്കൂളിന് സമീപമാണ് സംഭവം നടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസ് കടുത്ത ദുരൂഹത സംശയിക്കുന്നുണ്ട്. കോട്ടയം രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഈ കാർ എങ്ങനെയാണ് വിഴിഞ്ഞത്ത് എത്തിയത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
പുലർച്ചെ അഞ്ചുമണിയോടെയാണ് കാറിന് തീപിടിച്ചതായി നാട്ടുകാർ കണ്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സ് തീ അണച്ച ശേഷമാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം പൂർണ്ണമായി കത്തിയതിനാൽ ഇത് സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് പോലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
സംഭവം ആത്മഹത്യയാണോ അതോ കൊലപാതകം അടക്കമുള്ള മറ്റു എന്തെങ്കിലും ദുരൂഹതകൾ ഇതിന് പിന്നിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് കൂട്ടിച്ചേർത്തു.
For more details: The Indian Messenger



